മൂന്നു നൂറ്റാണ്ടോളം നീളുന്ന സമ്പന്നമായ ചരിത്രത്തിന്റെ ഓമര്‍മകള്‍ അനുസ്മരിച്ചും അയവിറക്കിയും സൗദി അറേബ്യ ഇന്ന് സ്ഥാപകദിനാഘോഷ നിറവില്‍. ഹിജ്‌റ വര്‍ഷം 1139 ന്റെ മധ്യത്തില്‍, 1727 ഫെബ്രുവരി 22 ന് ആണ് ഇമാം മുഹമ്മദ് ബിന്‍ സൗദിന്റെ കൈകളാല്‍ ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിതമായത്. മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദിര്‍ഇയ തലസ്ഥാനമായി ആദ്യ സൗദി രാഷ്ട്രം സ്ഥാപിതമായതു മുതല്‍, ഇസ്‌ലാമിനെ ദേശീയ മതമായും വിശുദ്ധ ഖുര്‍ആനും നബിചര്യയും ഭരണഘടനയായും അംഗീകരിച്ച പരിപൂര്‍ണ പരമാധികാര രാഷ്ട്രമായ ഈ രാജ്യത്തിന്റെ ഉറച്ച വേരുകളിലും ചരിത്രപരമായ ആഴത്തിലുമുള്ള അഭിമാനവും പൗരന്മാര്‍ക്ക് നേതാക്കളുമായുള്ള അടുത്ത ബന്ധവും ഈ ദേശീയ സന്ദര്‍ഭം പ്രകടമാക്കുന്നു.

ഇമാം മുഹമ്മദ് ബിന്‍ സൗദ് സ്ഥാപിച്ച രാഷ്ട്രത്തിന്റെ മഹത്തായ ചരിത്ര പൈതൃകത്തില്‍ രാജ്യത്തെ ജനങ്ങള്‍ അഭിമാനിക്കുന്നു. ഒന്നാം സൗദി രാഷ്ട്രത്തിനു കീഴില്‍ അറേബ്യന്‍ ഉപദ്വീപിനെ ജനങ്ങള്‍ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക വികാസങ്ങളും അഭിവൃദ്ധിയും ആസ്വദിച്ചു. ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ സൗദിന്റെ കൈകളാല്‍ സ്ഥാപിതമായ രണ്ടാമത്തെ സൗദി രാഷ്ട്രത്തിലും ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവിന്റെ കാലത്തും തുടര്‍ന്ന് അധികാരമേന്തിയ അബ്ദുല്‍ അസീസ് രാജാവിന്റെ മക്കളുടെ കാലത്തും വികസനത്തിന്റെയും അഭിവൃദ്ധിയുടെയും ആഭ്യന്തര നവോത്ഥാനത്തിന്റെയും ദിശകളില്‍ രാജ്യം അതിശീഘ്രം മുന്നേറുകയും അറബ്, മേഖലാ, ആഗോള തലത്തില്‍ സവിശേഷ സ്ഥാനം നേടുകയും ചെയ്തു.

സൗദി രാഷ്ട്രം സ്ഥാപിതമായതിന്റെ മൂന്ന് നൂറ്റാണ്ടുകളുടെ ഓര്‍മകളും, ചരിത്ര പുസ്തകങ്ങളിലും ജീവചരിത്രങ്ങളിലും അനശ്വരമായി രേഖപ്പെടുത്തിയിട്ടുള്ള സംഭവങ്ങളും നിലപാടുകളും ഓര്‍ത്തെടുക്കാനുള്ള അവസരമാണ് സ്ഥാപക ദിനാചരണം. ഇത് ഒരു സ്വതസിദ്ധ നിമിഷത്തില്‍ പിറന്ന ഒരു രാഷ്ട്രമല്ല. മറിച്ച്, നൂറ്റാണ്ടുകളായി രൂപീകരിക്കപ്പെട്ട ശക്തമായ അടിത്തറയുള്ള രാഷ്ട്രമാണ്.
സാമൂഹിക സുരക്ഷക്കും ഇരു ഹറമുകളുടെയും സേവനത്തിനും രാജ്യം എക്കാലവും ഏറ്റവും വലിയ മുന്‍ഗണന നല്‍കി. നിരവധി വെല്ലുവിളികള്‍ക്കിടയിലും സമൂഹത്തിന്റെ സുഖകരമായ ജീവിതം ഉറപ്പുവരുത്താന്‍ രാഷ്ട്രത്തിന് സാധിച്ചു. ദേശീയൈക്യത്തിന്റെ ആഴവും ശക്തിയും 1727 മുതല്‍ ഇതുവരെ സൗദി രാഷ്ട്രത്തിന്റെ പിന്തുടര്‍ച്ചക്ക് കാരണമായി. മുന്‍കാലങ്ങളില്‍ കടന്നുപോയ പ്രയാസകരമായ സാഹചര്യങ്ങള്‍ക്കിടയിലും ബാഹ്യ ആക്രമണങ്ങളെയും രാഷ്ട്രത്തിനകത്തെ സാമൂഹിക ഘടന അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളും രാജ്യം ചെറുത്തുതോല്‍പിച്ചു.

സ്ഥാപകദിനാചരണത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ സര്‍ഗാത്മകതയും സ്‌നേഹവും വിശ്വസ്തതയും വിളിച്ചോതുന്ന, മുന്‍ ഭരണാധികാരികളും ജനങ്ങളും അവശേഷിപ്പിച്ച മഹത്തായ ചരിത്രത്തിന്റെ ആഴം ഉള്‍ക്കൊള്ളുന്ന നിരവധി സാംസ്‌കാരിക, കലാ പരിപാടികള്‍ അരങ്ങേറുന്നു. സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി പ്രധാന നഗരങ്ങളിലെല്ലാം ആയിരക്കണക്കിന് ഹരിത പതാകകളും ഭരണാധികാരികളുടെ ഫോട്ടോകളും ആശംസകളും അടങ്ങിയ സൈന്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പ് ആസ്ഥാനങ്ങളും മന്ദിരങ്ങളും ഹരിതവര്‍ണത്താല്‍ അലങ്കരിച്ചിരിക്കുന്നു.

സ്ഥാപകദിനാചരണം പ്രമാണിച്ച് ഇന്ന് സൗദിയില്‍ പൊതുഅവധിയാണ്. ഇന്ന് വാരാന്ത്യ അവധിയായതിനാല്‍ സ്ഥാപകദിനാചരണം പ്രമാണിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള പൊതുഅവധി നാളെയാണ്. സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിസ്റ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും സ്ഥാപകദിനാചരണം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധിയും സ്ഥാപകദിനാവധിയും ഒത്തുവരുന്ന സാഹചര്യങ്ങളില്‍ തൊട്ടടുത്ത ദിവസം സ്ഥാപകദിനാവധിയായി നല്‍കണമെന്ന് സിവില്‍ സര്‍വീസ്, തൊഴില്‍ നിയമങ്ങളിലെ അവധി ദിനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ അനുശാസിക്കുന്നുണ്ട്. ഇതനുസരിച്ചാണ് വാരാന്ത്യ അവധി ദിനമായ ഇന്നത്തേക്കു പകരം നാളെ (ഞായറാഴ്ച) സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദേശീയദിനാവധി നല്‍കുന്നത്.
(പ്രിയപ്പെട്ട വായനക്കാർക്ക് ദ മലയാളം ന്യൂസിന്റെ ആശംസകൾ)