കൊച്ചി: നിര്‍മ്മാതാവ് സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകരും യൂട്യൂബര്‍മാരുമായ ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസ് ആണ് കേസെടുത്തത്. യൂട്യൂബ് ചാനല്‍ വഴി അപമാനിച്ചു എന്ന പരാതിയിലാണ് കേസ്. ഇരുവരും ഫെഫ്ക അംഗങ്ങളാണെന്ന് ഇത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ സാന്ദ്ര പറയുന്നു.
സാന്ദ്രയുടെ പോസ്റ്റ്
ശാന്തിവിള ദിനേശിനെതിരെയും ജോസ് തോമസിനെതിരെയും FIR. ഒളിഞ്ഞിരുന്ന് യൂട്യൂബ് ചാനലിലൂടെ അസത്യങ്ങള്‍ വിളിച്ചു പറയുകയും സ്ത്രീകളെ അവഹേളിക്കുകയും ചെയ്യുന്ന ഫെഫ്ക ഭാരവാഹിയായ ജോസ് തോമസ് യൂട്യൂബ് ചാനലിലൂടെ മാലിന്യങ്ങള്‍ തള്ളികൊണ്ടിരിക്കുന്ന മറ്റൊരു FEFKA അംഗം ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരെ പ്രതികരിച്ചേ കഴിയൂ.
സ്ത്രീകള്‍ നിശ്ശബ്ദരായിരുന്ന് ശരിയാകുമെന്നും പറഞ്ഞു കാത്തിരുന്നാല്‍ ഇവര്‍ കൂടുതല്‍ ശക്തരാവുകയും ആക്രമത്തിന്റെ ദംഷ്ട്രകള്‍ക്ക് മൂര്‍ച്ചകൂടുകയും ചെയ്യും. ഈ മലീമസമായ സംസ്‌കാരത്തിനും മാലിന്യങ്ങള്‍ക്കും എതിരെ എല്ലാവരും അണിചേരുക.
ജനുവരിയില്‍ പൊതുമധ്യത്തില്‍ അപമാനിച്ചുവെന്ന സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു. നിര്‍മാതാവ് ആന്റോ ജോസഫാണ് കേസില്‍ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതിന്റെ പേരില്‍ ബി ഉണ്ണികൃഷ്ണന്‍ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്.
സാന്ദ്രയുടെ പരാതിയില്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. ബി ഉണ്ണികൃഷ്ണന്‍ തൊഴില്‍ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തി. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടു, തൊഴില്‍ സ്വാതന്ത്രത്തിന് തടസം നിന്നു തുടങ്ങിയ കാര്യങ്ങളും പരാതിയിലുണ്ട്.