അഭിനയ പ്രാധാന്യമുള്ള കലാരൂപങ്ങളെ വേദിയിൽ അവതരിപ്പിക്കുന്ന ഒരു അഭിനേതാവിനെ കഥാപാത്രത്തിന് അനുസൃതമായ രൂപപരിണാമം നൽകുന്നതിൽ മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് വലിയ പങ്കുണ്ട്. റിച്ചാർഡ് അറ്റൻബറോയുടെ ‘ഗാന്ധി’ സിനിമയിൽ ഗാന്ധിയായും വല്ലഭായ് പട്ടേലായും കസ്തൂർബാ ഗാന്ധിയായും അഭിനേതാക്കളായ ബെൻ കിംഗ്സലിയെ മഹാത്മാ ഗാന്ധിയായും രോഹിണി ഹത്തംഗഢിയെ കസ്തൂർബാ ഗാന്ധിയായും റോഷൻ സേത്തിനെ നെഹ്റുവാക്കിയും സഈദ് ജാഫ്രിയെ വല്ലഭായ് പട്ടേലായും മേക്ക് ഓവറിലൂടെ സിനിമയ്ക്കായി വരുത്തിയ രൂപമാറ്റം നമ്മെ ആശ്ചര്യപ്പെടുത്തിയതിൻ്റെ ഉദാഹരണങ്ങളാണ്.

സൗദി അറേബ്യയിലെ ജിദ്ദയിൽ 2025 ഫെബ്രുവരി 14 ന് ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ വാർഷികത്തിൽ അവതരിപ്പിച്ച നജീബ് വെഞ്ഞാറമ്മൂടിൻ്റെ ‘തിരുവിതാംകൂർ ഡോക്യുമെൻ്ററി’ യിലും ശ്രീത ടീച്ചർ രചനയും നാടകാവിഷ്ക്കാരവും നിർവ്വഹിച്ച കാക്കാരിശ്ശി നാടകത്തിലും അഭിനേതാക്കൾക്ക് മേക്ക് ഓവർ നിർവ്വഹിച്ചത് നാടക പ്രതിഭാധനനായ സന്തോഷ് കടമ്മനിട്ടയായിരുന്നു. അഭിനേതാക്കളെ ഇത്ര മാത്രം കഥാപാത്രങ്ങൾക്കനുസൃതമായ രീതിയിൽ രൂപമാറ്റം വരുത്തിയ ഉദാഹരണങ്ങൾ മലയാളി പ്രവാസലോകത്ത് കാണുക വളരെ അപൂർവ്വമായിരിക്കും.
നിരവധി നാടകങ്ങൾ രചിക്കുകയും സംവിധാനം നിർവ്വഹിക്കുകയും അഭിനയിക്കുകയും ചെയ്ത സന്തോഷ് മേക്ക് ഓവർ കലയിൽ തൻ്റെ പ്രതിഭാധനത്വം തെളിയിക്കുകയാണ്, വാഗ്ദാനമാവുകയുമാണ്.തിരുവിതാംകൂർ ഡോക്യുമെൻ്ററിയിൽ ആമുഖ അവതരണത്തിൽ വൈക്കം മുഹമ്മദ് ബഷീറായി ലേഖകനെ പരിണമിപ്പിച്ചും കാക്കാരിശ്ശി നാടകത്തിലെ കഥാപാത്രങ്ങളായ ജൻമി, ശിങ്കിടി, കാക്കാൻ എന്നിവരെ അഭിനേതാക്കളിലേക്ക് സന്നിവേശിപ്പിക്കുവാൻ സന്തോഷ് കടമ്മനിട്ടയുടെ മേക്ക് ഓവറിന്നായി.

“കായംകുളം കൊച്ചുണ്ണി’, ‘നാറാണത്ത് ഭ്രാന്തൻ’, ‘പെരുന്തച്ഛൻ ‘എന്നീ ശ്രദ്ധേയ നാടകങ്ങൾ സംവിധാനം ചെയ്ത് പ്രവാസി മലയാളി ജിദ്ദയ്ക്ക് നാടകകല ജനകീയമാക്കുകയും നാടകാസ്വാദകരുടെ മുക്തകണ്ഠം പ്രശംസ നേടിയെടുത്തിട്ടുള്ളതുമാണ്.
യശഃശരീരനായ നാടക നടൻ കടമ്മനിട്ട മണിയുടെയും, ശ്രീമതി വിജയമ്മയുടെയും മകനാണ് സന്തോഷ് കടമ്മനിട്ട. കേരള സർക്കാർ പഞ്ചായത്ത് വകുപ്പിൽ ജോലി ചെയ്യുന്ന ബിന്ദുശ്രീ ആണ് ഭാര്യ. കോറിയോഗ്രഫറും പ്രശസ്ത നർത്തകിയുമായ ദീപിക സന്തോഷാണ് മകൾ. മകൻ ദീപക് സന്തോഷ് എഞ്ചിനീയറായി ബാംഗ്ലൂരിൽ സേവനം അനുഷ്ഠിക്കുന്നു.
2025 മെയ് 16 ന് ജിദ്ദയിൽ പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ വാർഷികത്തിൽ അവതരണത്തിന് ഒരുങ്ങുന്ന അജിത് നീർവിളാകൻ രചിച്ച “കഥാനായകൻ” എന്ന സാമൂഹിക-സംഗീത-നൃത്ത നാടകത്തിന്റെ പണിപ്പുരയിലാണ് ഈ കലാകാരൻ. പ്രവാസ ലോകത്തെ സാമൂഹ്യ സർഗ്ഗാത്മക മേഖലകളിൽ സജീവ സാന്നിധ്യമായ സന്തോഷ് കടമ്മനിട്ടയുടെ കലാകുടുംബത്തിൽ നിന്നും ഏറെ മികച്ച സൃഷ്ടികൾ പ്രതീക്ഷിയ്ക്കാം.