കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എ വി റസൽ അന്തരിച്ചു. അർബുദ രോഗബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 64 വയസായിരുന്നു. അടുത്തിടെ പാമ്പാടിയിൽ നടന്ന കോട്ടയം ജില്ലാ സമ്മേളനത്തിലാണ് രണ്ടാം തവണയും അദ്ദേഹം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. അർബുദ ബാധയ്‌ക്ക് പിന്നാലെ ശസ്‌ത്രക്രിയ നടത്തിയിരുന്നു.നാട്ടിലേക്ക് മടങ്ങിവരാനിരിക്കെയാണ് അന്ത്യം.
ഇടത് പക്ഷത്തിന്റെ ജില്ലയിലെ സൗമ്യമുഖമായിരുന്നു എ.വി റസ്സൽ. കക്ഷി രാഷ്‌ട്രീയത്തിനതീതമായി വിവിധ വിഭാഗത്തിൽ പെട്ട നേതാക്കളുമായി വളരെയടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. ചങ്ങനാശേരി പോലെ സിപിഎമ്മിന് ശക്തമായ വേരോട്ടം ഇല്ലാത്തയിടത്ത് നിന്നും ഉയർന്നുവന്ന് സംസ്ഥാന കമ്മിറ്റിയംഗം വരെയായ അദ്ദേഹത്തിന് അടിസ്ഥാന വർഗത്തിൽ പെട്ട പാർട്ടി അംഗങ്ങളുമായും നല്ല ബന്ധമുണ്ടായിരുന്നു.
ദേവസ്വം മന്ത്രിയായ വി.എൻ വാസവൻ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭയിലേക്കും മത്സരിച്ചപ്പോഴാണ് റസൽ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റത്. 2022 ജനുവരിയിലാണ് ആദ്യമായി ജില്ലാ സെക്രട്ടറിയായത്. ചങ്ങനാശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടിൽ എ.കെ വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. ബിന്ദുവാണ് ഭാര്യ. മകൾ ചാരുലത മരുമകൻ അലൻ ദേവ്. 2000 മുതൽ 2005 വരെ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. 2006ൽ ചങ്ങനാശേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.