അഹമ്മദാബാദ്:ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം.അഹമ്മദാബാദില്‍ ഇന്ത്യ 142 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് നേടിയത്. ജയത്തോടെ മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 356 റണ്‍സാണ് ഇംഗ്ലണ്ടിന് മുന്നില്‍ ലക്ഷ്യമായി നിരത്തിയത്. മറുപടി ബാറ്റിങില്‍ 34.2 ഓവറില്‍ ഇംഗ്ലണ്ടിനെ 214 റണ്‍സിനു ഇന്ത്യ ചുരുട്ടിക്കെട്ടി.
ടോം ബാന്റനും (41 പന്തില്‍ 38), ഗുസ് അക്കിന്‍സനും (19 പന്തില്‍ 38) ആണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്‌കോറര്‍മാര്‍. ബെന്‍ ഡക്കറ്റ് (22 പന്തില്‍ 34), ജോ റൂട്ട് (29 പന്തില്‍ 24), ഫില്‍ സോള്‍ട്ട് (21 പന്തില്‍ 23) എന്നിവരും പൊരുതിനോക്കി. മികച്ച തുടക്കം ലഭിച്ചെങ്കിലും ഓപ്പണര്‍മാരായ ഫില്‍ സോള്‍ട്ടിനെയും ബെന്‍ ഡക്കറ്റിനെയും അര്‍ഷ്ദീപ് സിങ് പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.
ഹാരി ബ്രൂക്കും (19 റണ്‍സ്), ക്യാപ്റ്റന്‍ ജോസ് ബട്‌ലറും (ആറ്), മധ്യനിരയിലെ വമ്പനടിക്കാരനായ ലിയാം ലിവിങ്സ്റ്റനും (ഒന്‍പത്) അതിവേഗം പുറത്തായപ്പോള്‍ ഇംഗ്ലണ്ട് തോല്‍വി ഉറപ്പിച്ചു. വാലറ്റത്ത് അക്കിന്‍സണിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇംഗ്ലിഷ് സ്‌കോര്‍ 200 കടത്തിയത്. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ 356 റണ്‍സെടുത്തു പുറത്തായി. ശുഭ്മന്‍ ഗില്‍ സെഞ്ചുറി നേടി ഇന്ത്യയെ മുന്നില്‍നിന്നു നയിച്ചു. 95 പന്തുകളില്‍നിന്നാണ് ഗില്‍ ഏകദിന ക്രിക്കറ്റ് കരിയറിലെ ഏഴാം സെഞ്ചറി നേടിയത്. 102 പന്തുകള്‍ നേരിട്ട താരം 112 റണ്‍സെടുത്തു പുറത്തായി. ആദില്‍ റാഷിദിന്റെ പന്തില്‍ ഗില്‍ ബോള്‍ഡാകുകയായിരുന്നു.ശ്രേയസ് അയ്യര്‍ (64 പന്തില്‍ 78), വിരാട് കോലി (55 പന്തില്‍ 52) എന്നിവര്‍ അര്‍ധ സെഞ്ചറിയുമായി തിളങ്ങി. കെ.എല്‍. രാഹുല്‍ (29 പന്തില്‍ 40), ഹാര്‍ദിക് പാണ്ഡ്യ (9 പന്തില്‍ 17), വാഷിങ്ടന്‍ സുന്ദര്‍ (14 പന്തില്‍ 14) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. അതേസമയം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരു റണ്‍ മാത്രമെടുത്തു പുറത്തായി.ഇംഗ്ലണ്ടിനായി ആദില്‍ റാഷിദ് നാലു വിക്കറ്റുകള്‍ വീഴ്ത്തി.