കോഴിക്കോട്: വഖഫ് ഭൂമി കയ്യേറ്റത്തെ ന്യായീകരിക്കാനാണ് വർഗീയ പ്രചാരണങ്ങൾ നടത്തുന്നതെന്ന് വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ സക്കീർ. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നതിന് കൃത്യമായ രേഖകളുണ്ടെന്നും ഭൂമി ഇഷ്ടദാനമാണെന്ന ഫാറൂഖ് കോളജ് മാനേജ്‌മെന്റിന്റെ വാദം തെറ്റാണെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
ഫാറൂഖ് കോളജ് ഭൂമി വഖഫ് ആണെന്നതിനുള്ള എല്ലാ രേഖകളും കൈയിലുണ്ടെന്നും ഭൂമി കൈയേറിയവരിൽ നിന്നും തിരിച്ചുപിടിക്കുമെന്നും വഖഫ് ബോർഡ് ചെയർമാൻ വ്യക്തമാക്കി.
വഖഫ് ഭൂമിയിൽ ആരുണ്ടെങ്കിലും ഒഴിപ്പിക്കും. ഇതിൽ ജാതിയോ മതമോ ഇല്ല. നിസാർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് പൂർണ ബോധ്യമുണ്ടായതുകൊണ്ടാണ് 2019-ൽ ഭൂമി രജിസ്റ്റർ ചെയ്തത്. അതിന്റെ നടപടി പ്രകാരമാണ് ഫാറൂഖ് കോളജിന് നോട്ടീസ് അയച്ചത്. രണ്ടുവർഷത്തിന് ശേഷമാണ് ഫാറൂഖ് കോളജ് അപ്പീൽ ഫയൽ ചെയ്തത്. അത്‌കൊണ്ടുതന്നെ ഇതിൽ പ്രസക്തി ഇല്ലെന്നും നിയമപരമായി തന്നെ ബോർഡ് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന വഖഫ് ബോർഡിന്റെ കോഴിക്കോട് ഡിവിഷണൽ ഓഫീസ് ശനിയാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നും ചെയർമാൻ അറിയിച്ചു. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിന് പിറകുവശത്തുള്ള എസ്.കെ ടെമ്പിൾ റോഡിലാണ് പുതിയ കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായത്. ചടങ്ങിൽ വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷനാകും. പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും.
1985-ലാണ് കോഴിക്കോട്ട് ആദ്യമായി വഖഫ് ബോർഡിന് പ്രാദേശിക കേന്ദ്രം ആരംഭിച്ചത്. കോഴിക്കോട്, കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം എന്നീ ജില്ലകളുടെ മേഖല കേന്ദ്രമായാണ് കോഴിക്കോട്ടെ സ്ഥാപനം പ്രവർത്തിക്കുന്നത്. ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 12,000-ത്തിൽ പരം വഖഫുകളിൽ 8000-ത്തിലധികം വഖഫ് സ്ഥാപനങ്ങൾ ഈ മേഖലയിലാണ്.
ഈ ജില്ലകളിലായി വിവിധ ഉപകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കോഴിക്കോട് ഓഫീസിലാണ് ഈ പ്രദേശങ്ങളിലെ കേസുകൾ കൈകാര്യം ചെയ്തു വരുന്നത്. വഖഫ് നിയമപ്രകാരമുള്ള അപ്പീൽ അതോറിറ്റി, വഖഫ് ട്രിബ്യൂണൽ എന്നിവയും കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
2010-ലാണ് 24 സെന്റ് സ്ഥലത്ത് അന്നത്തെ വഖഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി കേന്ദ്രത്തിന് തറക്കല്ലിട്ടത്. 2023 നവംബറിൽ ടെണ്ടർ വിളിച്ചു. 2024-ൽ ആരംഭിച്ച നിർമ്മാണ പ്രവർത്തികൾ ഒരു വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. 13,900 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് നാല് നിലയുള്ള പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. വാർത്താസമ്മേളനത്തിൽ വഖഫ് ബോർഡ് മെമ്പർമാരായ അഡ്വ. എം ഷറഫുദ്ധീൻ, എം.സി മായിൻ ഹാജി, അഡ്വ. പി വി സൈനുദ്ധീൻ, റസിയ ഇബ്രാഹീം, കെ.എം അബ്ദുൽ റഹീം എന്നിവരും പങ്കെടുത്തു.