കോഴിക്കോട്: വടകരയിൽ കാറിടിച്ച് മുത്തശ്ശി മരിക്കുകയും 9 വയസ്സുകാരി അബോധാവസ്ഥയിലാവുകയും ചെയ്ത സംഭവത്തിൽ ഇന്നലെ കോയമ്പത്തൂർ വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായ പ്രതി ഷെജീലിന് ജാമ്യം. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇന്ന് ജാമ്യം അനുവദിച്ചത്.
അശ്രദ്ധ മൂലം ഉണ്ടായ മരണത്തിന് ഐ.പി.സി 304 എ പ്രകാരമെടുത്ത കേസിലാണ് ഷെജിലിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞവർഷം ഫെബ്രുവരി 17-ന് വടകര ദേശീയപാതയിൽ ചോറോട് വെച്ച് ഷെജിൽ ഓടിച്ച കാർ ഇടിച്ച് 9 വയസ്സുകാരി ദൃഷാന അബോധാവസ്ഥയിലാവുകയും മുത്തശ്ശി ബേബി മരിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഷെജിൽ വിദേശത്തേക്ക് കടന്ന് രക്ഷപ്പെടുകയായിരുന്നു. ശേഷം 9 മാസത്തിനു ശേഷമാണ് പ്രതിയെ കുറിച്ചോ കാറിനെ കുറിച്ചോ ഉള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.
വ്യാജരേഖ ഉണ്ടാക്കി ഇൻഷുറൻസ് തുക കൈക്കലാക്കാൻ ശ്രമിച്ചപ്പോഴാണ് കാറിനെക്കുറിച്ചും പ്രതിയെക്കുറിച്ചും അന്വേഷണസംഘത്തിന് കൂടുതൽ വിവരം ലഭിച്ചത്.
സംഭവത്തിൽ രണ്ടു കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ഒന്ന്, കാറിടിച്ച കേസും രണ്ട്, വ്യാജ രേഖയുണ്ടാക്കി ഇൻഷുറൻസ് തുക തട്ടിയ കേസും. ഇതിൽ ഇൻഷുറൻസ് തുക തട്ടിയ കേസിൽ ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം നല്കിയിരുന്നു. കേസിൽ ഈ ആഴ്ച തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ആദ്യം നാദാപുരം പോലീസെടുത്ത കേസ് റൂറൽ ക്രൈംബ്രാഞ്ച് ആണിപ്പോൾ അന്വേഷിക്കുന്നത്.
അതിനിടെ, പേടിച്ചാണ് നാട് വിട്ടതെന്ന് പ്രതി പ്രതികരിച്ചു. കുറ്റബോധം ഉണ്ടോ? അബോധാവസ്ഥയിലായ പാവം കുഞ്ഞിനെ കാണുമോ എന്നി ചോദ്യങ്ങളോട് ഇപ്പോഴൊന്നും പറയാനില്ലെന്നായിരുന്നു പ്രതിയുടെ മറുപടി.
ഇന്നലെ രാത്രി എട്ട് മണിയോടെ കോയമ്പത്തൂരിൽ നിന്ന് വടകര പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഉച്ചയ്ക്കുശേഷമാണ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്.