കല്‍പ്പറ്റ: വയനാട് നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. മാനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം. മാനുവിന്റെ ഭാര്യക്കായി തിരച്ചില്‍ തുടരുകയാണ്.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മനുവും ഭാര്യയും ഒരുമിച്ചാണ് കടയിലേക്ക് പോയിരുന്നത്. തിരികെ വരുമ്പോഴാണ് ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. മനുവിനെ തട്ടിയെറിയുകയായിരുന്നു. മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്.
വയലില്‍ നിന്നും മൃതദേഹം മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചിട്ടില്ല. തുടര്‍ച്ചയായി വന്യജീവി ആക്രമണം ഉണ്ടായിട്ടും തടയാന്‍ ഫലപ്രദമായ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. ജില്ലാ കലക്ടര്‍ സ്ഥലത്തെത്താതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.