കോഴിക്കോട്: അന്തരിച്ച സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ നടക്കാവിലെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എം.ടി തിരക്കഥ എഴുതി മമ്മുട്ടിയും സുരേഷ് ഗോപിയും ഉൾപ്പടെയുള്ളവർ അഭിനയിച്ച ‘ഒരു വടക്കൻ വീരഗാഥ’ ചിത്രം റീ റീലീസ് ചെയ്ത സാഹചര്യത്തിൽ കൂടിയാണ് സുരേഷ് ഗോപിയുടെ സന്ദർശനം.
സിനിമയുടെ നിർമാതാവായ പി.വി ഗംഗാധരന്റെ കുടുംബവും സുരേഷ് ഗോപിയോടൊപ്പം ഉണ്ടായിരുന്നു. വീട്ടിലെത്തി അദ്ദേഹം എം.ടിയുടെ ഫോട്ടോയിൽ ഹാരാർപ്പണം നടത്തി.
എം.ടിയുടെ ഭാര്യ സരസ്വതി ടീച്ചറോടും മകൾ അശ്വതിയോടും കുടുംബാംഗങ്ങളോടും സംസാരിച്ച്, എം.ടി ഓർമകളും പങ്കുവെച്ചു. ഒരു വടക്കൻ വീരഗാഥയുടെ അനുഭവങ്ങളും തിരക്കഥയുടെ പ്രസക്തിയും പങ്കുവെച്ച അദ്ദേഹം എം.ടി മലയാളത്തിന്റെ കലാമഹത്വമാണെന്നും അനുസ്മരിച്ചു.
വടക്കൻ വീരഗാഥ പോലുള്ള തിരക്കഥകളിൽ അദ്ദേഹത്തിന്റെ മാജിക് കാണാം. മനുഷ്യമനസ്സുകളുടെ ഉള്ളറകളിലേക്കു കടന്നുചെന്ന് ആഴത്തിൽ സ്പർശിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ.
ഒരു വടക്കൻ വീരഗാഥ ഇനിയും ഒരു 35 വർഷങ്ങൾക്കുശേഷം വീണ്ടും റീ റിലീസ് ചെയ്യാൻ സാധ്യതയുള്ള സിനിമയാണെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. വികാരമായാലും പ്രതികാരമായാലും അതിന്റെ ഉൾക്കാമ്പിലേക്കാണ് എം.ടി ഇറങ്ങിച്ചെന്നത്. മുമ്പ് വന്നിട്ടുള്ള ആഖ്യാനങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ് വടക്കൻ വീരഗാഥെന്നും അദ്ദേഹം പറഞ്ഞു.
വടക്കൻ വീരഗാഥയിൽ അഭിനയിക്കുമ്പോൾ തനിക്ക് 28 വയസായിരുന്നുവെന്ന് നടൻ ഓർത്തു. അന്ന് സിനിമ പറയുന്ന നിഗൂഢ അർത്ഥ തലങ്ങൾ മനസിലാക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. അന്ന് തന്റെ പ്രായമുള്ളവരൊക്കെ ഇന്ന് കല്ല്യാണം കഴിക്കാൻ പ്രായമായ മക്കളുടെ അച്ഛനമ്മമാരാണ്. അവർക്ക് അന്ന് സിനിമ കണ്ട് മനസിലാക്കാൻ പറ്റാതെ പോയ അർത്ഥതലങ്ങൾ മനസിലാക്കാൻ് റീ റിലീസ് ഒരു അവസരമാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.