ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത (87) അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നൂറിലധികം സിനിമകളിൽ വേഷമിട്ടു. ഭരതനാട്യം നർത്തകികൂടിയായ അവർ
1958ൽ സെങ്കോട്ടൈ സിങ്കം എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1969ൽ തിക്കുറിശ്ശി സുകുമാരൻ നായർ സംവിധാനം ചെയ്ത ‘നേഴ്സി’ലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ശാരദ, പാർ മഗലേ പാർ, നാനും ഒരു പെണ്ണ്, യരുക്ക് സൊന്തം, തായെ ഉനക്കാഗ, കർപ്പൂരം, ജീവനാംശം, ദർശനം, കല്യാണരാമൻ, സകലകലാ വല്ലവൻ, പുതുവെള്ളം തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.
എം.ജി.ആർ, ശിവാജി ഗണേശൻ, രജനീകാന്ത്, കമൽ ഹാസൻ എന്നിവരുടെ നായികയായും തിളങ്ങി. രണ്ട് സിനിമകൾ നിർമ്മിച്ചു. 1964ൽ ലക്സ് സോപ്പിന്റെ പരസ്യങ്ങൾക്ക് മോഡലായി. 1999ൽ ശ്രീഭാരതി സംവിധാനം ചെയ്ത പൂവാസം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. നടനും നിർമ്മാതാവുമായ എ.വി.എം രാജനാണ് ഭർത്താവ്. കന്നട നടി മഹാലക്ഷ്മി ഉൾപ്പെടെ രണ്ട് മക്കൾ.