ജിദ്ദ: സൗദി ബാങ്കുകളുടെ ലാഭത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച രേഖപ്പെടുത്തിയതായി സൗദി സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഡിസംബര്‍ മാസത്തില്‍ ബാങ്കുകള്‍ 882.1 കോടി റിയാല്‍ ലാഭം നേടി. ഒരു മാസത്തിനിടെ സൗദി ബാങ്കുകള്‍ കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന ലാഭമാണിത്. 2023 ഡിസംബര്‍ മാസത്തെ അപേക്ഷിച്ച് 2024 ഡിസംബറില്‍ ബാങ്കുകളുടെ ലാഭം 29.5 ശതമാനം തോതില്‍ ഉയര്‍ന്നു.
2023 ഡിംസബറില്‍ ബാങ്കുകളുടെ ലാഭം 6,809 കോടി റിയാലായിരുന്നു. നവംബറിനെ അപേക്ഷിച്ച് ഡിസംബറില്‍ ബാങ്കുകളുടെ ലാഭത്തില്‍ 180 കോടിയോളം റിയാലിന്റെ വളര്‍ച്ചയുണ്ടായി. നവംബറില്‍ ബാങ്കുകള്‍ ആകെ 699.5 കോടി റിയാലാണ് ലാഭം നേടിയത്.1993 ജനുവരി മുതല്‍ 2024 ഡിസംബര്‍ വരെയുള്ള കാലത്ത് സൗദി ബാങ്കുകള്‍ കൈവരിച്ച ഏറ്റവും ഉയര്‍ന്ന ലാഭമാണ് ഇക്കഴിഞ്ഞ ഡിസംബറിലെത്. 1993 മുതല്‍ ഇതുവരെയുള്ള കാലത്ത് ഏഴു മാസങ്ങളില്‍ ഒഴികെ മുഴുവന്‍ മാസങ്ങളിലും സൗദി ബാങ്കുകള്‍ ലാഭം കൈവരിച്ചു. ഏഴു മാസങ്ങളില്‍ നഷ്ടം രേഖപ്പെടുത്തി.
കഴിഞ്ഞ കൊല്ലം ബാങ്കുകളുടെ ലാഭം 15 ശതമാനം തോതില്‍ ഉയര്‍ന്ന് 8,909 കോടി റിയാലായി. ചരിത്രത്തില്‍ ആദ്യമായാണ് സൗദി ബാങ്കുകള്‍ ഒരു വര്‍ഷത്തിനിടെ ഇത്രയും ഉയര്‍ന്ന ലാഭം കൈവരിക്കുന്നത്. 2023 ല്‍ ബാങ്കുകളുടെ ആകെ ലാഭം 7,739 കോടി റിയാലായിരുന്നു. നാലാം പാദത്തില്‍ ബാങ്കുകളുടെ ലാഭം 22.8 ശതമാനം തോതില്‍ ഉയര്‍ന്ന് 2,351 കോടി റിയാലായി. 2023 നാലാം പാദത്തില്‍ ഇത് 1,915 കോടി റിയാലായിരുന്നു.
വായ്പാ നിരക്കുകള്‍ ഉയര്‍ന്നത് റെക്കോര്‍ഡ് ലാഭം കൈവരിക്കാന്‍ ബാങ്കുകളെ സഹായിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ശ്രമിച്ച് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വായ്പാ നിരക്കുകള്‍ തുടര്‍ച്ചയായി പലതവണ ഉയര്‍ത്തിയിരുന്നു. സൗദി റിയാലിനെയും അമേരിക്കന്‍ ഡോളറിനെയും സ്ഥിരവിനിമയ നിരക്കില്‍ ബന്ധിപ്പിച്ചതിനാല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പാത പിന്തുടര്‍ന്ന് സൗദി സെന്‍ട്രല്‍ ബാങ്കും വായ്പാ നിരക്കുകള്‍ ഉയര്‍ത്തി. പണപ്പെരുപ്പം ഏറെക്കുറെ സ്ഥിരത കൈവരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വായ്പാ നിരക്കുകള്‍ കുറയാന്‍ തുടങ്ങി.
സൗദി സെന്‍ട്രല്‍ ബാങ്ക് ആസ്തികള്‍ കഴിഞ്ഞ വര്‍ഷാവസാനത്തോടെ 1.881 ട്രില്യണ്‍ റിയാലായി ഉയര്‍ന്നു. നവംബറില്‍ ഇത് 1.861 ട്രില്യണ്‍ റിയാലായിരുന്നു. ഒരു മാസത്തിനിടെ സെന്‍ട്രല്‍ ബാങ്ക് ആസ്തികളില്‍ 2,020 കോടിയോളം റിയാലിന്റെ വര്‍ധന രേഖപ്പെടുത്തി. ആസ്തികളില്‍ 1.1 ശതമാനം വളര്‍ച്ചയാണുണ്ടായത്. വിദേശ കറന്‍സി, സ്വര്‍ണ ശേഖരം, വിദേശ ബാങ്കുകളിലെ ഡെപ്പോസിറ്റുകള്‍, വിദേശത്തെ ബോണ്ടുകളിലെ നിക്ഷേപങ്ങള്‍ എന്നിവ അടങ്ങിയതാണ് സൗദി സെന്‍ട്രല്‍ ബാങ്ക് ആസ്തികള്‍.