ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തിനായി സെന്റർ ഒഫ് എക്സലൻസ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് സ്ഥാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. 2023ലെ ബഡ്ജറ്റിൽ കൃഷി, ആരോഗ്യം, സുസ്ഥിര നഗരങ്ങൾ എന്നിവയ്ക്കായി ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ മൂന്ന് കേന്ദ്രങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസത്തിനായി കേന്ദ്രം 500 കോടി രൂപ പ്രഖ്യാപിച്ചിരിക്കുന്നത്.
യുവാക്കളെ വ്യവസായവുമായി ബന്ധപ്പെട്ട വൈദഗ്ധ്യം കൊണ്ട് സജ്ജരാക്കാൻ രൂപകൽപ്പന ചെയ്ത അഞ്ച് നാഷണൽ സെന്റർ ഒഫ് എക്‌സലൻസ് ഫോർ സ്‌കില്ലിംഗിന്റെ പദ്ധതികൾ കൂടി അവതരിപ്പിക്കുമെന്ന് സീതാരാമൻ കൂട്ടിച്ചേർത്തു. മേക്ക് ഫോർ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ് മാനുഫാക്ചറിംഗ് എന്നിവയെ പിന്തുണയ്ക്കുന്നതിനായി ആഗോള പങ്കാളിത്തത്തോടെയാണ് ഈ കേന്ദ്രങ്ങൾ സ്ഥാപിക്കുകയെന്നും മന്ത്രി അറിയിച്ചു. പാഠ്യപദ്ധതി രൂപകൽപന, പരിശീലകരുടെ പരിശീലനം, നൈപുണ്യ സർട്ടിഫിക്കേഷൻ, പതിവ് വിലയിരുത്തലുകൾ എന്നിവ ഈ സംരംഭത്തിൽ ഉൾപ്പെടുത്തും.
ആഭ്യന്തര ഉൽപ്പാദന ശേഷിയെയും സർക്കാർ പിന്തുണയ്ക്കും, മേഖലകളെ വസ്തുനിഷ്ഠമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് തിരിച്ചറിയും. ഉയർന്ന വൈദഗ്ധ്യവും കഴിവും ആവശ്യമുള്ള വ്യവസായ 4.0 ന് വലിയ അവസരമുണ്ടെന്നും ധനമന്ത്രി പറഞ്ഞു.