കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി തിങ്കളാഴ്ച്ച പറയും. 25 വര്‍ഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി പറഞ്ഞു. ഫോറന്‍സിക് തെളിവുകള്‍ കുറ്റം തെളിയിക്കുന്നതാണ്. അതേ സമയം കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു പ്രതിയുടെ പ്രതികരണം.
36 മണിക്കൂര്‍ നീണ്ട ജോലിക്ക് ശേഷം വിശ്രമിക്കുന്നതിനായി ആശുപത്രിയുടെ സെമിനാര്‍ ഹാളിലെത്തിയപ്പോഴാണ് പ്രതി യുവതിയെ ക്രൂരമായി മര്‍ദിച്ച ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഇതിനെത്തുടര്‍ന്ന് ബംഗാളില്‍ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. ശരീരത്തിന് അകത്തും പുറത്തുമായി നിരവധി മുറിവുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
2024 ആഗസ്റ്റ് 9 നാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്നത്. കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ നാലാം നിലയില്‍ കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറായ 31 കാരിയായ യുവതിയുടെ മൃതദേഹം പിറ്റേന്ന് രാവിലെയാണ് കണ്ടത്. ആന്തരികാവയവങ്ങള്‍ക്ക് വരെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. എന്നാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 14 മണിക്കൂര്‍ വൈകിയതടക്കം സംസ്ഥാന സര്‍ക്കാറിന്റെ നടപടികളില്‍ ആദ്യഘട്ടത്തില്‍തന്നെ സംശയങ്ങളുയര്‍ന്നിരുന്നു.
ആശുപത്രിയിലെ സിവില്‍ വളണ്ടിയറായിരുന്ന സഞ്ജയ് റോയ് പിറ്റേന്ന് തന്നെ കേസില്‍ അറസ്റ്റിലായി. ചോദ്യം ചെയ്യലില്‍ റോയ് കുറ്റം സമ്മതിച്ചു. മദ്യലഹരിയിലായിരുന്നു കൊലപാതകമെന്ന് കണ്ടെത്തി. പിന്നാലെ തീര്‍ത്തും അരക്ഷിതമായ അവസ്ഥയില്‍ മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ അവസ്ഥ രാജ്യവ്യാപക ചര്‍ച്ചയായി. ഒപ്പം തന്നെ രാജ്യമാകെ പ്രതിഷേധവും ഇരമ്പി.
ആര്‍ജികര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായിരുന്ന സന്ദീപ് ഘോഷും ഇയാളുടെ രാഷ്ട്രീയ ബന്ധങ്ങളും സംസ്ഥാനത്ത് സജീവ ചര്‍ച്ചയായി. അനാസ്ഥക്ക് തെളിവ് ലഭിച്ചിട്ടും സന്ദീപ് ഘോഷിനെ മറ്റൊരു ആശുപത്രിയിലേക്ക് സ്ഥലം മാറ്റി നടപടി ഒതുക്കിയതോടെ ഡോക്ടര്‍മാരുടെ പ്രതിഷേധം കത്തി. രാജ്യമെമ്പാടുമുള്ള ആശുപത്രികള്‍ സ്തംഭിച്ചു തുടങ്ങി. പിന്നാലെ സന്ദീപ് ഘോഷിനെ സര്‍ക്കാര്‍ കൈവിട്ടു, സര്‍വീസില്‍നിന്നും പുറത്താക്കി. പ്രതിഷേധം തണുപ്പിക്കാന്‍ ബംഗാള്‍ പോലിസ് അഴിമതി കേസെടുത്തു അന്വേഷണം തുടങ്ങി.
അറസ്റ്റിലായ സഞ്ജയ് റോയ് മാത്രമാണ് പ്രതിയെന്ന നിഗമനത്തിലാണ് സി ബി ഐ എത്തിയത്. തുടരന്വേഷണം നടക്കണം എന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.