തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ കോടതിയില്‍ വാദപ്രതിവാദങ്ങള്‍ പുരോഗമിക്കുന്നു. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഗ്രീഷ്മ കോടതിയില്‍ കത്ത് നല്‍കി. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്. തനിക്ക് 24 വയസ്സ് മാത്രമാണ് പ്രായം. ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടു. കത്തിനൊപ്പം ബിരുദ സര്‍ട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറി. ഗ്രീഷ്മയുടെ ഭാഗം കേട്ട ശേഷം കോടതി പ്രോസിക്യൂഷന്റെ വാദങ്ങള്‍ കേള്‍ക്കുകയാണ്. ഇന്നലെ കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചിരുന്നു.
ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയിലുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ആണിത്. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണം. ഒരു ചെറുപ്പക്കാരന്റെ സ്‌നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണ്. ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമാണ് ഇങ്ങനെ ഒരു കൃത്യം ചെയ്യാന്‍ കഴിയുകയുള്ളൂ. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. അതിനായി പരിശോധനകള്‍ നടത്തി. മുന്‍കൂട്ടി നിശ്ചയിച്ച കൊലപാതകമാണിത്, അവിചാരിതമല്ല. വിദ്യാസമ്പന്നയായ യുവതി വിവരങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. ഷാരോണിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. കുറേ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകര്‍ത്തത്. പ്രതിക്ക് മനസ്താപം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഷാരോണിന് സാമൂഹിക വിരുദ്ധ പശ്ചാത്തലമുണ്ടെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്.
ഒന്നാം പ്രതി കാമുകി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ (22), അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരെന്നു നെയ്യാറ്റിന്‍കര അഡിഷനല്‍ സെഷന്‍സ് കോടതി വിധിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.
ഒന്നാം പ്രതിയായ ഗ്രീഷ്മയെ രാവിലെ ഒമ്പതരയോടെ തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ടുപോയി. ഇന്നലെ വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ എത്തിയിരുന്നില്ല. ഇന്ന് ശിക്ഷാവിധി കേള്‍ക്കാര്‍ രക്ഷിതാക്കള്‍ കോടതിയിലെത്തും. ഗ്രീഷ്മയുടെ പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്നായിരിക്കും പ്രതിഭാഗത്തിന്റെ വാദം.