ദമാസ്‌കസ്: ദമാസ്‌കസ് – സിറിയ, ഇസ്രായില്‍ അതിര്‍ത്തിയില്‍ സിറിയയുടെ ഭാഗത്തുള്ള ബഫര്‍ സോണില്‍ നിന്ന് ഇസ്രായില്‍ സൈന്യം പിന്‍വാങ്ങണമെന്ന് സിറിയയിലെ പുതിയ ഭരണകൂട തലവന്‍ അഹ്‌മദ് അല്‍ശറഅ് ആവശ്യപ്പെട്ടു. ബഫര്‍ സോണില്‍ യു.എന്‍ സേനയെ സ്വീകരിക്കാന്‍ സിറിയ തയ്യാറാണ്. ഇറാനിയന്‍ മിലീഷ്യകളുടെയും ഹിസ്ബുല്ലയുടെയും സാന്നിധ്യം മൂലമാണ് ബഫര്‍ സോണില്‍ കടന്നുകയറിയത് എന്നായിരുന്നു ഇസ്രായിലിന്റെ ന്യായീകരണം. ദമാസ്‌കസ് സ്വതന്ത്രമാക്കപ്പെട്ടതോടെ ഇറാനിയന്‍ മിലീഷ്യകള്‍ക്കും ഹിസ്ബുല്ലക്കും സിറിയയില്‍ ഒരു പങ്കുമില്ല. ബഫര്‍ സോണില്‍ കടന്നുകയറാന്‍ ഇസ്രായില്‍ ചില ന്യായീകരണങ്ങള്‍ ഉപയോഗിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ബഫര്‍ സോണില്‍ നിന്ന് അവര്‍ പിന്‍വാങ്ങണമെന്ന് അഹ്‌മദ് അല്‍ശറഅ് ആവശ്യപ്പെട്ടു.
ഇസ്രായില്‍ ഉള്‍പ്പെടെയുള്ള ഒരു രാജ്യത്തിനും സിറിയ ഭീഷണിയാകില്ലെന്ന് പുതിയ സിറിയന്‍ ഗവണ്‍മെന്റിലെ വിദേശ മന്ത്രി അസ്അദ് അല്‍ശൈബാനി തുര്‍ക്കിയില്‍ നിന്ന് പ്രസ്താവിച്ചതിനു പിന്നാലെയാണ് ബഫര്‍ സോണില്‍ നിന്ന് ഇസ്രായില്‍ സൈന്യം പിന്‍വാങ്ങണമെന്ന് സിറിയന്‍ ഭരണകൂട തലവന്‍ ആവശ്യപ്പെട്ടത്. സിറിയയുടെ സുരക്ഷയും പരമാധികാരവും ഇസ്രായില്‍ മാനിക്കണമെന്നും വിദശ മന്ത്രി പറഞ്ഞു. സിറിയ, ഇസ്രായില്‍ അതിര്‍ത്തിയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നത് വ്യവസ്ഥ ചെയ്യുന്ന, 1974 ല്‍ ഒപ്പുവെച്ച കരാര്‍ പാലിക്കാന്‍ സിറിയയിലെ പുതിയ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. കടന്നുകയറിയ സിറിയന്‍ പ്രദേശങ്ങളില്‍ നിന്ന് പിന്മാറാന്‍ ഇസ്രായിലിനു മേല്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദം ചെലുത്തണം.
ഡിസംബര്‍ എട്ടിന് ഞങ്ങള്‍ ദമാസ്‌കസില്‍ പ്രവേശിച്ചപ്പോള്‍, സൈനിക ആസ്ഥാനത്തും സിറിയന്‍ ജനതയുടെ സുപ്രധാന പ്രദേശങ്ങളിലും ഇസ്രായില്‍ നടത്തിയ ബോംബാക്രമണം ഞങ്ങളെ അത്ഭുതപ്പെടുത്തി. ഈ ആസ്ഥാനങ്ങള്‍ ഭരണകൂടത്തിന്റേതല്ല. മറിച്ച്, ജനങ്ങളുടേതാണ്. അവ സംരക്ഷിക്കപ്പെടണം. സിറിയന്‍ ജനതയെ സംരക്ഷിക്കേണ്ടതുണ്ട്. മുന്‍ കാലത്ത് സിറിയയെ ലക്ഷ്യം വെച്ച് ആക്രമണങ്ങള്‍ നടത്താനുള്ള ന്യായീകരണമായി ഇസ്രായിലികള്‍ ഹിസ്ബുല്ലയുടെ സാന്നിധ്യം ഉപയോഗിച്ചു. ഇത്തരം അപകടങ്ങള്‍ ഇല്ലാതായതിനാല്‍ ഇസ്രായില്‍ സിറിയയുടെ പരമാധികാരം മാനിക്കുകയും സിറിയന്‍ പ്രദേശത്ത് ഇടപെടാതിരിക്കുകയും വേണം.
ഇസ്രായില്‍ ഉള്‍പ്പെടെയുള്ള ഒരു രാജ്യത്തിനും സിറിയ ഭീഷണിയാകില്ല എന്ന സന്ദേശം ഞങ്ങള്‍ ഒന്നിലധികം തവണ നല്‍കിയിട്ടുണ്ട്. സ്വന്തം സുരക്ഷ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നതുപോലെ, മറ്റുള്ളവരുടെ അതിരുകളെയും സുരക്ഷയെയും അവര്‍ മാനിക്കണം. സ്വന്തം സുരക്ഷ നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍, മറ്റുള്ളവരുടെ സുരക്ഷ നിങ്ങള്‍ നിലനിര്‍ത്തണം – സിറിയന്‍ വിദേശ മന്ത്രി പറഞ്ഞു.ബുധനാഴ്ച തെക്കന്‍ സിറിയയില്‍ ഖുനൈത്ര ഗവര്‍ണറേറ്റിലെ മിലിട്ടറി ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സേനയെ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഒരു സിവിലിയന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതാദ്യമായാണ് പുതിയ ഭരണകൂടത്തിനു കീഴിലെ സേനയെ ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണം നടത്തുന്നത്.
ഡിസംബര്‍ എട്ടിന് പ്രതിപക്ഷ ഗ്രൂപ്പുകള്‍ മുന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിനെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം സിറിയന്‍ സൈനിക കേന്ദ്രങ്ങളില്‍ ഇസ്രായില്‍ നൂറുകണക്കിന് വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. 1967 ല്‍ ഇസ്രായില്‍ കൈവശപ്പെടുത്തിയ പീഠഭൂമിയുടെ പ്രാന്തപ്രദേശത്തുള്ള ഗോലാന്‍ കുന്നുകളിലെ ബഫര്‍ സോണില്‍ തങ്ങളുടെ സൈന്യത്തെ വിന്യസിക്കുന്നതായി ബശാര്‍ അല്‍അസദ് പുറത്താക്കപ്പെട്ട ഡിസംബര്‍ എട്ടിനു തന്നെ ഇസ്രായില്‍ പ്രഖ്യാപിക്കുകയായിരുന്നു.