റിയാദ്: സൗദി ബാലന്‍ അനസ് അല്‍ശഹ്‌രി കൊല്ലപ്പെട്ടതിന്റെ പേരിൽ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ കേസിൽ ഫെബ്രുവരി രണ്ടിന് രാവിലെ എട്ട് മണിക്ക് കോടതി വീണ്ടും വാദം കേൾക്കും. ഇത് സംബന്ധിച്ച സന്ദേശം റിയാദ് ക്രിമിനല്‍ കോടതിയില്‍ നിന്ന് അഭിഭാഷകര്‍ക്ക് ലഭിച്ചു.
കൊലപാതക കേസായതിനാല്‍ സ്വാഭാവികമായ വിശദ പരിശോധനയാണ് ഇപ്പോള്‍ നടന്നുവരുന്നത്. 18 വര്‍ഷം മുമ്പ് നടന്ന സംഭവത്തിലെ നാളിതുവരെയുള്ള ഫയലുകള്‍ പരിശോധിക്കേണ്ടതുണ്ട്. നേരത്തെ നടന്നത് കേസിലെ സ്വകാര്യ അവകാശവുമായി ബന്ധപ്പെട്ട വാദങ്ങളായിരുന്നു. ഇത് പൂര്‍ത്തിയായി കോടതി വിധി പ്രകാരം സൗദി കുടുംബത്തിന് 15 മില്യന്‍ റിയാല്‍ കൈമാറി.
വിശദപരിശോധനകൾ ഇങ്ങനെ
വ്യക്തികളുമായി ബന്ധപ്പെട്ട കേസുകളില്‍ സ്വകാര്യ അവകാശം, പൊതുഅവകാശം എന്നിങ്ങനെ രണ്ടു ഘട്ടമായാണ് സൗദിയില്‍ കോടതികള്‍ വാദം കേള്‍ക്കുക. ആദ്യം സ്വകാര്യ അവകാശത്തിലെ വാദം പൂര്‍ത്തിയാക്കാറാണ് പതിവ്. വാദി ഭാഗത്തിന് പ്രതിഭാഗത്തോട് പ്രതിക്രിയ ചെയ്യുന്നത് അഥവാ കൊന്നവനെ കൊല്ലുന്നതുള്‍പ്പെടെ സ്വകാര്യ അവകാശത്തിന്റെ ഭാഗമാണ്. നിയമപ്രകാരം കൊല്ലപ്പെട്ടവന്റെ കുടുംബത്തിന്റെ അവകാശമാണത്. കൊലപാതകമെന്ന കുറ്റം രാജ്യ നിയമത്തിന് വിരുദ്ധമായതിനാല്‍ പൊതു അവകാശത്തിന്റെ കൂടി പരിധിയില്‍ വരും. തടവുശിക്ഷയാണ് ഇതില്‍ സാധാരണ കണ്ടുവരുന്നത്.
വധശിക്ഷ റദ്ദാക്കി സ്വകാര്യ അവകാശ കേസ് അവസാനിച്ച ശേഷം കഴിഞ്ഞ ഒക്ടോബർ 21-നാണ് പൊതു അവകാശ കേസ് പരിഗണനക്കെടുത്തത്. പൊതു അവകാശത്തിന്മേലുള്ള കേസില്‍ പബ്ലിക് പ്രോസിക്യൂഷനാണ് വാദി ഭാഗം. പ്രോസിക്യൂഷന്റെ വാദത്തിന്നെതിരായി പ്രതിഭാഗം ഫയല്‍ ചെയ്ത എതിർ സത്യവാങ്മൂലത്തിന്മേലുള്ള വാദമാണ് കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ജഡ്ജിമാരെ ഉള്‍പ്പെടുത്തി വിശാല ബെഞ്ചാണ് ഇപ്പോള്‍ കേസ് പരിഗണിക്കുന്നത്.
മെഡിക്കല്‍ റിപ്പോര്‍ട്ട്, സംഭവം നടന്നപ്പോഴും പിന്നീടുമുണ്ടായ സാഹചര്യങ്ങള്‍ എന്നിവയെല്ലാം സ്വകാര്യഅവകാശ കേസിലെന്ന പോലെ പൊതുഅവകാശ കേസിലും പരിശോധിക്കും. ശേഷം മാത്രമേ അന്തിമ വിധിയുണ്ടാകൂ. ഇതെല്ലാം സ്വാഭാവിക നടപടികളാണ്. അതേസമയം ദിയാധനം സ്വീകരിച്ചതിനാല്‍ സൗദി പൗരന്റെ കുടുംബത്തിന്റെ അവകാശമായ പ്രതിക്രിയ അഥവാ വധശിക്ഷ ഒഴിവായിട്ടുണ്ട്.
റഹീമിന് വേണ്ടി അഭിഭാഷകരായ റനാ ആല്‍ദഹ്ബാന്‍, ഉസാമ അല്‍അംബര്‍, എംബസി ഉദ്യോഗസ്ഥന്‍ യുസുഫ് കാക്കഞ്ചേരി, കുടുംബത്തിന്റെ അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ എന്നിവരാണ് ഓണ്‍ലൈന്‍ സിറ്റിംഗില്‍ ഹാജറാകുന്നത്. ഇതുവരെ അഞ്ചു സിറ്റിംഗ് നടന്നു.