ജിദ്ദ: പ്രപഞ്ചം സ്വയംഭൂവാണെന്നും സൃഷ്ടികള്‍ എന്ന ഒന്ന് ഇല്ല എന്നും അതുകൊണ്ടുതന്നെ സ്രഷ്ടാവിന് പ്രസക്തിയില്ല എന്നുമുള്ള യുക്തിവാദികളുടെ പ്രസ്താവന തികച്ചും അബദ്ധ ജടിലമാണെന്ന് കെ.എന്‍. എം വൈസ് പ്രസിഡന്റ് ഡോ: ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ ‘തൗഹീദ്: സുരക്ഷയുടെ രാജപാത’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജിദ്ദയില്‍ നടന്ന ആറാമത് ആഗോള അറബി ഭാഷ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം സൗദി അറേബ്യയിലെത്തിയത്.
ആധുനികലോകത്തെ മുന്നോട്ടു നയിക്കുന്നത് ശാസ്ത്രമാണെന്ന് വാദിക്കുന്നവര്‍ ആ ശാസ്ത്രത്തിന്റെ ഏത് അളവുകോല്‍ വെച്ചളന്നാലും പ്രപഞ്ചനാഥന്റെ അസ്തിത്വത്തെ തിരസ്‌കരിക്കാന്‍ കഴിയുകയില്ല എന്ന് മാത്രമല്ല അവന്റെ സാന്നിദ്ധ്യത്തെ അംഗീകരിക്കുകയേ നിര്‍വാഹമുള്ളൂ. അനന്തകോടി വിസ്മയങ്ങള്‍ ഒളിപ്പിച്ചു വെച്ചിട്ടുള്ള ഈ പ്രപഞ്ചം പ്രപഞ്ചനാഥന്റെ സൃഷ്ടിയാണ് എന്നത് തന്നെയാണ് ബുദ്ധിക്ക് യോജിക്കുന്ന പ്രസ്താവന. ആ പ്രപഞ്ചനാഥനെയാണ് അല്ലാഹു എന്ന് അറബി ഭാഷയില്‍ പറയുന്നത്. എല്ലാ മതക്കാരും അറബി ഭാഷയില്‍ ദൈവത്തെ അല്ലാഹു എന്ന് തന്നെയാണ് അഭിസംബോധനം ചെയ്യുന്നത്. ആ ദൈവം ഏകനാണ് (തൗഹീദ് ) എന്ന വിശ്വാസമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. പ്രപഞ്ച സ്രഷ്ടാവിന്റെ ഏകത്വം അംഗീകരിക്കുന്നതിലൂടെ മനുഷ്യന്‍ ഭൗതികമായ എല്ലാ ചതിക്കുഴികളില്‍ നിന്നും രക്ഷപ്പെടുന്നു എന്നുമാത്രമല്ല അവന് മാനസികമായ ആശ്വാസവും സംതൃപ്തിയും കൈവരിക്കാന്‍ സാധിക്കുന്നു എന്നുള്ളത് വളരെ പ്രസക്തമാണെന്നദ്ദേഹം വിശദീകരിച്ചു.
ഭൗതിക ലാഭങ്ങള്‍ക്ക് വേണ്ടി മതത്തെ കച്ചവടവല്‍ക്കരിക്കുന്ന പുരോഹിതന്മാരും മതമേലാളന്മാരും സ്രഷ്ടാവിനെ വിദൂരതയില്‍ സ്ഥാപിക്കുകയും അവനിലേക്ക് നേരിട്ട് എത്തിച്ചേരാന്‍ ദുര്‍ബലനായ മനുഷ്യന് സാധ്യമല്ലെന്ന് വരുത്തി തീര്‍ക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ അവനിലേക്ക് തങ്ങളുടെ കാര്യങ്ങള്‍ സമര്‍പ്പിക്കുവാന്‍ സ്രഷ്ടാവിനും സൃഷ്ടിക്കുമിടയില്‍ ഇടയാളന്മാര്‍ ആവശ്യമുണ്ടെന്ന് അവര്‍ സ്ഥാപിക്കുന്നു. ഈ ഇടയാള സങ്കല്‍പ്പത്തിലൂടെ പുരോഹിതന്മാര്‍ സാമ്പത്തിക ലാഭം കൊയ്യുന്നു. ഇതിന് വശംവദരാകുന്ന മനുഷ്യന്‍ തന്റെ ചിന്തയെയും ബുദ്ധിയെയും പുരോഹിതന്മാര്‍ക്ക് മുമ്പില്‍ അടിയറവ് വെക്കുന്നതിലൂടെ വലിയ ചതിക്കുഴികളിലേക്കാണ് വീണുപോകുന്നതെന്ന യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിയുന്നില്ല.ഈയടുത്തകാലത്ത് വാര്‍ത്തയായ ജിന്നുമ്മമാരും ബീവിമാരുമൊക്കെ ഇത്തരം വഞ്ചനാത്മകമായ കച്ചവടത്തിന്റെ ഉദാഹരണങ്ങളാണ്.
ഒന്നിലധികം ദൈവങ്ങളില്‍ വിശ്വസിക്കുന്നവനെ സംബന്ധിച്ചിടത്തോളം അവന് മനസ്സിന്റെ ഏകാഗ്രത നിലനിര്‍ത്തുവാനോ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മനക്കരുത്ത് ആര്‍ജ്ജിക്കുവാനോ കഴിയാതെ വരുന്നു എന്നുള്ളതാണ് വാസ്തവം. എന്നാല്‍ എല്ലാം ഏകനായ സൃഷ്ടാവിനു മുമ്പില്‍ സമര്‍പ്പിക്കുകയും അവന്റെ നിയമനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുകയും ചെയ്യുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തില്‍ വന്നുഭവിക്കുന്ന എല്ലാ കാര്യങ്ങളും സ്രഷ്ടാവില്‍ നിന്നുള്ളതാണെന്നവന്‍ വിശ്വസിക്കുന്നതിലൂടെ മാനസികമായ ആശ്വാസം നേടിയെടുക്കുവാനും ആത്മവിശ്വാസത്തോടുകൂടി കാര്യങ്ങളെ സമീപിക്കുവാനും അവനെ സജ്ജമാക്കുന്നു എന്നുള്ളതാണ് ഏകദൈവ വിശ്വാസത്തിന്റെ മഹത്വം . അതുകൊണ്ടുതന്നെയാണ് ഏകദൈവ വിശ്വാസം സുരക്ഷിതത്വത്തിന്റെ രാജപാതയായി പറയപ്പെടുന്നതെന്നദ്ദേഹം പ്രസ്താവിച്ചു.
ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ മുഹമ്മദ് നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ശിഹാബ് സലഫി എടക്കര നന്ദിയും പറഞ്ഞു.