റിയാദ്: തലസ്ഥാന നഗരിയുടെ അഭിമാന പദ്ധതികളിലൊന്നായ റിയാദ് മെട്രോയുടെ ബത്ഹയിലെ രണ്ട് സ്റ്റേഷനുകള്‍ ഇന്ന് തുറന്നു. ബ്ലൂ ലൈനിലെ ബത്ഹ, നാഷണല്‍ മ്യൂസിയം എന്നീ സ്റ്റേഷനുകളാണ് ഇന്ന് രാവിലെ തുറന്നത്. ഓറഞ്ച് ലൈനില്‍ ദഹ്‌റതുല്‍ ബദീഅ, അല്‍ജറാദിയ എന്നിവയും തുറന്നിട്ടുണ്ട്. വിദേശികള്‍ തിങ്ങിത്താമസിക്കുന്ന ഇടമാണ് റിയാദിലെ ബത്ഹ. എന്നാല്‍ മെട്രോ ഓടിത്തുടങ്ങിയിട്ടും ബത്ഹയിലെ സ്റ്റേഷനുകളിലെ ജോലികള്‍ പൂര്‍ത്തിയായിരുന്നില്ല.
ബത്ഹ, നാഷണല്‍ മ്യൂസിയം, ദീരയിലെ അല്‍ഹുകും പാലസ് സ്റ്റേഷന്‍ എന്നിവയായിരുന്നു ഇതുവരെ തുറക്കാനുണ്ടായിരുന്നത്. ഇതില്‍ അല്‍ഹുകും പാലസ് സ്റ്റേഷന്‍ ഇതുവരെ തുറന്നിട്ടില്ല. ബത്ഹ രാവിലെ തുറന്നപ്പോള്‍ യാത്രക്കാരുടെ തിരക്കുണ്ടായിരുന്നില്ല. കാരണം ഇവിടെയുള്ളവരെല്ലാം ഇതുവരെ അല്‍ഊദ് സ്റ്റേഷനെയായിരുന്നു ആശ്രയിച്ചിരുന്നത്. അതേസമയം ബത്ഹ തുറന്നതോടെ ബ്ലൂ മെട്രോയില്‍ കൂടുതല്‍ യാത്രക്കാരുടെ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.