കുവൈത്ത് സിറ്റി – മനുഷ്യക്കടത്ത് കേസില്‍ ലെബനീസ് പ്രവാസിയെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് അറസ്റ്റ് ചെയ്തു. കുവൈത്തില്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് 250 അമേരിക്കന്‍ ഡോളര്‍ വരെ ഇരകളില്‍ നിന്ന് ഈടാക്കി തട്ടിപ്പ് നടത്തുന്ന ലെബനീസ് പൗരനെ കുറിച്ച് സ്വന്തം നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി മറ്റൊരു ലെബനീസ് പൗരന്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് തട്ടിപ്പുകാരനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. നിയമ നടപടികള്‍ക്ക് പ്രതിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അല്‍സബാഹിന്റെ നിര്‍ദേശാനുസരണം കുവൈത്തില്‍ മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങള്‍ ചെറുക്കാന്‍ സുരക്ഷാ വകുപ്പുകള്‍ ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. മനുഷ്യക്കടത്ത് അടക്കമുള്ള നിയമ ലംഘനങ്ങളും കുറ്റകൃത്യങ്ങളും ശക്തമായി ചെറുക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. മനുഷ്യക്കടത്ത് കേസുകളെയും മറ്റു കുറ്റകൃത്യങ്ങളെയും കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈന്‍ വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ റിപ്പോര്‍ട്ട് ചെയ്ത് സ്വദേശികളും വിദേശികളും സഹകരിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group