തിരുവനന്തപുരം: സ്‌പീക്കർ എഎൻ ഷംസീറിന് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ വാർത്താ സമ്മേളനം നടത്തി പിവി അൻവർ. നിലമ്പൂരിൽ ജയിപ്പിച്ച ജനങ്ങൾക്കും ഒപ്പം നിന്ന ഇടതുപക്ഷ നേതാക്കൾക്കും അൻവർ നന്ദി പറഞ്ഞു. മമത പറഞ്ഞിട്ടാണ് രാജി വച്ചതെന്നും ഇനിയുള്ള പോരാട്ടം മലയോര മേഖലയിലെ ജനങ്ങൾക്കായാണ്. ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്ന് മത്സരിക്കില്ലെന്നും അൻവർ വ്യക്തമാക്കി. കഴിഞ്ഞ ആറ് മാസമായി പിണറായിസത്തിനും കേരളത്തിലെ സർക്കാരിനുമെതിരെ ഞാൻ നടത്തിയ പോരാട്ടത്തിന് പിന്തുണ നൽകിയ ജനങ്ങൾക്ക് നന്ദി. 2016ലും 2021ലും നിലമ്പൂർ നിയോജന മണ്ഡലത്തിൽ നിന്ന് എന്നെ വോട്ട് ചെയ്‌ത് വിജയിപ്പിച്ച വോട്ടർമാർക്കും ആദ്യമായി നിയമസഭയിലെത്താൻ എനിക്ക് പിന്തുണ നൽകിയ നിലമ്പൂരിലെ ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി. എട്ടര വർഷത്തെ എംഎൽഎ ജീവിതത്തിന് ശേഷം കഴിഞ്ഞ 11-ാം തീയതി ഇ-മെയിൽ വഴി ഞാൻ രാജി സമർപ്പിച്ചിരുന്നു. ഇന്നാണ് ഔദ്യോഗികമായി രാജി സമർപ്പിച്ചത്.
ഇന്ത്യയിലെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വന്യജീവി ആക്രമണമാണ്. ഇക്കാര്യം വീഡിയോ കോൺഫറൻസിലൂടെ ഞാൻ മമത ജിയെ അറിയിച്ചു. പ്രത്യേകിച്ച് കേരളത്തിന്റെ 70 ശതമാനം കാടാണ്. കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ഈ വലിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ പാർലമെന്റിൽ വിഷയം അവതരിപ്പിക്കണമെന്നും ഞാൻ അവരോട് അഭ്യർത്ഥിച്ചു. ആസാമിലും ഇതേ രീതിയിൽ പ്രശ്‌നമുണ്ടെന്ന് അവർ പറഞ്ഞു. അവരുടെ പാർട്ടിയുമായി ചേർന്നാൽ വിഷയം പാർലമെന്റിൽ അവതരിപ്പിക്കാമെന്നും, ഇന്ത്യാ മുന്നണിയുമായി ചേർന്ന് 1972ലെ അനിമൽ പ്രൊട്ടക്ഷൻ ആക്‌ടിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തി വന്യജീവികളുടെ എണ്ണം കുറയ്‌ക്കാൻ സർക്കാരിൽ സമ്മർദം ചെലുത്താമെന്നും അവർ സമ്മതിച്ചു.
അടുത്ത തിരഞ്ഞെടുപ്പോടെ പാർട്ടിയിൽ ചേരാമെന്നാണ് ഞാൻ അവരോട് പറഞ്ഞത്. എന്നാൽ, മലയോര മേഖലയിൽ ജീവിക്കുന്നവരുടെ ഈ പ്രശ്‌നം വലുതാണ്. അതിനാൽ, മലയോര മേഖലയിലെ ജനമങ്ഹൾക്കായി നിങ്ങളുടെ രാജി സമർപ്പിച്ച് എത്രയും വേഗം മുന്നോട്ടുവരണമെന്നാണ് മമത ജി പറഞ്ഞത്. ബിഷപ്പുമാർ ഉൾപ്പെടെ പലരോടും ആലോചിച്ചിട്ടാണ് രാജി തീരുമാനം എടുത്തത്.
പി ശശി, എസ്‌പി സുജിത്ത് ദാസ്, എഡിജിപി എംആർ അജിത് കുമാർ എന്നിവർക്കെതിരെ ഞാൻ ആരോപണം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി കൂടെ നിൽക്കുമെന്ന് കരുതി. ഇടതുപക്ഷ പാർട്ടിയിലുള്ള പലർക്കും ഇവരോട് എതിർപ്പായിരുന്നു. പക്ഷേ, തുറന്നുപറയാൻ മറ്റാരും ധൈര്യം കാണിച്ചില്ല. എന്നാൽ, ഞെട്ടിച്ചുകൊണ്ടാണ് മുഖ്യമന്ത്രി എനിക്കെതിരെ സംസാരിച്ചത്.
ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്ന് മത്സരിക്കില്ല. ഒരുപാട് പാപഭാരങ്ങൾ ചുമന്ന വ്യക്തിയാണ് ഞാൻ.