കുവൈത്ത് സിറ്റി – കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ വാഹനാപകടങ്ങളില്‍ 284 പേര്‍ മരണപ്പെട്ടതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിലെ ട്രാഫിക് അവയര്‍നെസ് അസിസ്റ്റന്റ് ഡയറക്ടര്‍ ലെഫ്. കേണല്‍ അബ്ദുല്ല ബൂഹസന്‍ പറഞ്ഞു. 2023 ല്‍ 296 പേരാണ് റോഡപകടങ്ങളില്‍ മരണപ്പെട്ടത്. കുവൈത്തിലെ ആകെ ജനസംഖ്യ 49 ലക്ഷമാണ്. വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും മൊബൈല്‍ ഫോണ്‍ ഉപയോഗവും നിരീക്ഷിക്കുന്ന സ്മാര്‍ട്ട് ക്യാമറകള്‍ അടങ്ങിയ എ.ഐ സംവിധാനം കഴിഞ്ഞ മാസം വെറും 15 ദിവസത്തിനുള്ളില്‍ 4,944 മൊബൈല്‍ ഫോണ്‍ ഉപയോഗ കേസുകള്‍ ഉള്‍പ്പെടെ 18,778 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.
ഡ്രൈവര്‍മാരും മുന്‍സീറ്റ് യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ പുതിയ ക്യാമറകള്‍ നിരീക്ഷിക്കുകയും നിയമ ലംഘനം കാര്‍ ഉടമയുടെ പേരില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നതായി, ട്രാഫിക് നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് ആയി കണ്ടെത്തുന്ന, അടുത്തിടെ സ്ഥാപിച്ച എ.ഐ ഓപ്പറേറ്റഡ് ക്യാമറകളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ലെഫ്. കേണല്‍ അബ്ദുല്ല ബൂഹസന്‍ വിശദീകരിച്ചു. അശ്രദ്ധമായ ഡ്രൈവിംഗ് തടയാനും റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ ട്രാഫിക് നിയമം വൈകാതെ കുവൈത്തില്‍ നടപ്പാക്കും. 1976 ല്‍ പ്രാബല്യത്തില്‍ വന്ന ട്രാഫിക് നിയമത്തിന് പകരമായി നടപ്പാക്കുന്ന പുതിയ നിയമം നിയമ ലംഘകര്‍ക്ക് കനത്ത പിഴകളും കടുത്ത ശിക്ഷകളും വ്യവസ്ഥ ചെയ്യുന്നു.
മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ നിയമ പ്രകാരം വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള പിഴ അഞ്ചു കുവൈത്തി ദീനാറില്‍ നിന്ന് 75 കുവൈത്തി ദീനാറായി ഉയരും. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനുള്ള പിഴ മൂന്നിരട്ടിയാകും. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പുതിയ നിയമത്തില്‍ 30 കുവൈത്തി ദീനാര്‍ പിഴയാണ് വ്യവസ്ഥ ചെയ്യുന്നത്. അശ്രദ്ധമായ ഡ്രൈവിംഗിനുള്ള പിഴ 30 കുവൈത്തി ദീനാറില്‍ നിന്ന് 150 കുവൈത്തി ദീനാറായി ഉയരും. ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്നത് മൂന്നു വര്‍ഷം വരെ തടവും പരമാവധി 1,000 കുവൈത്തി ദീനാര്‍ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമായി പുനഃക്രമീകരിക്കും.
ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങള്‍ കുറക്കാന്‍ പുതിയ ഗതാഗത നിയമം അനിവാര്യമാണെന്ന് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഹൃദ്രോഗം കഴിഞ്ഞാല്‍, കുവൈത്തില്‍ മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണമായി ഗതാഗത അപകടങ്ങള്‍ കണക്കാക്കപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group