ദമാം– ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിക്കാനുള്ള ഗൂഡ ശ്രമങ്ങളാണ് മോഡിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്ന് കെ.പി.സി.സി ജനറല്‍ സെക്രെട്ടറിയും രാഷ്ട്രീയ കാര്യ സമിതി അംഗവുമായ അഡ്വ. ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഓരോ പൗരനും സ്വതന്ത്രമായി ജീവിക്കാനും അഭിമാനത്തോടെ തന്റെ രാജ്യത്തിന്‍റെ സംസ്ക്കാരത്തെ ഉയര്‍ത്തിപ്പിടിക്കാനും ഉതകുന്ന ലോകത്തില്‍ തന്നെ മഹത്തരമായ ഇന്ത്യന്‍ ഭരണഘടനയെയും ചരിത്രത്തെയും വളച്ചൊടിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി.
ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കുന്ന യുവാക്കളെയും വിദ്യാർഥികളെയും തങ്ങളുടെ ദുഷിച്ച ചിന്താധാരയെ അവരുടെ മനസ്സിലേക്ക് തിരുകിവെക്കാനുള്ള ശ്രമമാണ് ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്നതെന്നും ഇതിന്റെ ഭാഗമായാണ് വിവിധ സര്‍വകലാശാലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാഠപുസ്തകങ്ങളില്‍ പോലും ചരിത്രത്തെ മാറ്റി മറിക്കാനുള്ള ശ്രമവും ഇന്ത്യയിലെ മഹാരഥന്മാരെ പോലും ഇകഴ്ത്തുന്ന നടപടിയെന്നും അഡ്വ. ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദാമാമില്‍ എത്തിയ ബിന്ദു കൃഷ്ണ ദ മലയാളം ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വീരേതിഹാസം രചിച്ച മഹാന്മാരെ മാറ്റി ഇതുമായി ഒരു ബന്ധവുമില്ലാത്ത ഒറ്റുകാരായ സംഘപരിവാര്‍ അനുയായികളെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമവും നടന്നു വരുന്നതായും തങ്ങള്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ പാര്‍ലമെന്‍ററില്‍ പോലും ഉന്നയിക്കാന്‍ അനുവദിക്കാതെ അംഗങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയാണ് നരേന്ദ്ര മോഡിയുടെ സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും ഇവര്‍ കുറ്റപെടുത്തി. കാര്‍ഷിക രംഗത്തും വ്യാവസായിക രംഗത്തും തികഞ്ഞ പരാജയമായ മോഡി സര്‍ക്കാര്‍ വിലക്കയറ്റം കൊണ്ടും അഴിമതി കൊണ്ടും ഈ രാജ്യത്തെ ജനങ്ങളെ വീര്‍പ്പുമുട്ടിച്ചു കൊണ്ടിരിക്കയാനെന്നും ഇതിനെതിരെ ഒരു ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരുന്നതായും ഇവര്‍ പറഞ്ഞു.

കഴിഞ്ഞ ബി ജെ പി സര്‍ക്കാരിന്റെ ദുര്‍ഭരണം കൊണ്ടാണ് ലോക സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിക്ക് ശക്തമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞത്. പാവപ്പെട്ട തൊഴിലാളികളെയും സാധാരണക്കാരായ ജനങ്ങളെയും തഴഞ്ഞു അദാനിയെ പോലുള്ള ഭീമന്മാരായ മുതലാളിമാരെ താലോലിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം വരും തലമുറക്ക് കടുത്ത ബാധ്യതയായി മാറുന്നതായും അടിമുടി അഴിമതിയിയും കെടുകാര്യസ്ഥതയുമായുള്ള ബി ജെ പിയുടെ ദുര്‍ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ ഉയര്‍ന്നു വരുന്നതായും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും നേതൃത്വത്തില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ ഇന്ത്യന്‍ ജനത കരുതാര്‍ജ്ജിക്കുന്നതായും ഇത് ഏറെ പ്രതീക്ഷ നല്‍കുന്നതായും ബിന്ദു കൃഷ്ണ അവകാശപ്പെട്ടു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും വടക്കേ ഇന്ത്യയിലെ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്ന രാഹുല്‍ജിയെയും പ്രിയങ്ക ഗാന്ധിയെയും ഭീഷണിപ്പെടുത്തുവാനും കള്ളക്കേസ്സുകള്‍ എടുത്തു പിന്തിരിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി. ജനാധിപത്യത്തെയും മതേതരത്വത്തെയും തകര്‍ക്കാനുള്ള സംഘപരിവാരിന്റെയും നരേന്ദ്ര മോഡിയുടെയും ശ്രമങ്ങളെ ഇന്ത്യയിലെ മുഴുവന്‍ വിഭാഗം ജനങ്ങളെയും അണിനിരത്തി നേരിടുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
കേരളത്തില്‍ പിണറായിയുടെ നേതൃത്വത്തിലുള്ള കമ്മ്യുണിസ്റ്റ് സര്‍ക്കാരും കേന്ദ്രത്തിലെ ബിജെപിയുടെ സര്‍ക്കാരിന് സമാനമായുള്ള നയപരിപാടികളാ ണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും എന്നാല്‍ സംസ്ക്കാരികമായി ഔന്നിത്യലുള്ള കേരള ജനതയുടെ മുന്നില്‍ ഇത് വിലപോവില്ലെന്നും പിണറായിയുടെ ഏകാധിപത്യ ഭരണം തുടച്ചു നീക്കുമെന്നും അഡ്വ. ബിന്ദു കൃഷ്ണ അവകാശപ്പെട്ടു. ബി ജെ പിയെ പ്രീണിപ്പിക്കാനുള്ള പിണറായിയുടെ ഓരോ നീക്കവും കമ്മ്യുണിസ്റ്റ്കാര്‍ക്ക് തന്നെ അപമാനമാണെന്നും അവര്‍ കുറ്റപ്പെടുത്തി. മടിയില്‍ കനമുള്ളവനെ ഭയക്കേണ്ടൂ എന്നാ മുഖ്യമന്ത്രിയുടെ വാക്ക് തന്നെ ഉദാഹരണമാക്കിയാല്‍ പിണറായി കൂടുതല്‍ എന്തോ ഭയക്കുന്നു എന്ന് തന്നെയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. തൊഴിലാളി പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്ന കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ തൊഴിലാളികള്‍ക്ക് ഈ എട്ടു വര്‍ഷത്തില്‍ എന്തെങ്കിലും ഒരു നേട്ടമോ ഒരു ക്ഷേമ പദ്ധതിയോ നടപ്പി;ലാക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നും അവര്‍ ചോദിച്ചു.
പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്തും ധന ദുര്‍വിനിയോഗവും കാരണം തൊഴിലാളികളുടെ ക്ഷേമ പെന്‍ഷന്‍ പോലും കൃത്യമായി നല്‍കാന്‍ സാധിക്കുന്നില്ലെന്നും അഡ്വ. ബിന്ദു കൃഷണ കുറ്റപ്പെടുത്തി. തൊഴിലന്വേഷകര്‍ കൂടി കൂടി വരുന്ന സാഹചര്യത്തില്‍ പി എസ് സി നിയമനം ഒരു മരീചികയായി മാറിയെന്നും വിദ്യാഭ്യാസ രംഗത്ത് കുത്തഴിഞ്ഞ നയപരിപാടികലാണ് നടപ്പിലാക്കുന്നതെന്നും മാറുന്ന കാലത്തിനനുസരിച്ച് വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കെണ്ടിടതാണ് ഡിഗ്രിക്ക് തോറ്റവര്‍ പി ജിക്ക് അഡ്മിഷന്‍ എടുക്കുന്നു, വാഴക്കുലയും ചങ്ങമ്പുഴയെയും അറിയാത്തവര്‍ പി എച്ച് ഡി എടുക്കുന്നു. എന്തൊരു വിരോധാഭാസമാണിതെന്നും അവര്‍ ചോദിച്ചു. ഇതുപോലെത്തന്നെയാണ് ആരോഗ്യ രംഗത്തും നമ്മള്‍ കൊണ്ടിരിക്കുന്നതെന്നും കാലിനു അസുഖം വന്നര്‍ക്ക് കൈ സര്‍ജ്ജറി ചെയ്യുന്നു, കഴുത്തിന് അസുഖം വന്ന കുട്ടിയുടെ നാവു അരിയുന്നു, പ്രസവം കഴിഞ്ഞ സ്ത്രീയുടെ വയറിനുള്ളില്‍ കത്രിക വെച്ച് തുന്നിക്കെട്ടുന്നു, ഇവര്‍ പരാതി പറഞ്ഞാല്‍ അവരെ അവഹേളിക്കുന്നു. നീതിക്ക് വേണ്ടി സമരം ചെയ്ത അവരുടെ റിപ്പോര്‍ട്ട് തേടി കാത്തിരിക്കുന്ന ഒരു വനിതാ മന്ത്രിയാണ് കേരളത്തിനുള്ളത് എന്നത് എത്ര വിരോധാഭാസമാണെന്നും അഡ്വ. ബിന്ദു കൃഷ്ണ പരിഹസിച്ചു.
കേരളത്തിന്റെ നട്ടെല്ലായ പ്രവാസികളെ അവഹേളിക്കുന്ന സര്‍ക്കാരുകളാണ് കേന്ദ്ര കേരള സര്‍ക്കാരുകളെന്നും ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി. പ്രവാസികളുടെ യാത്രാ ക്ലേശം എത്രയോ കാലമായി അധികാരികളില്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്നതെന്നും എന്നാല്‍ അത് പരിഹരിക്കുന്നതിന് പകരം കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടപ്പിലാക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ലോക കേരള സഭയുടെ പേരില്‍ ധൂര്‍ത് നടത്തുകയല്ലാതെ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ഒരു പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ എന്നും അവര്‍ ചോദിച്ചു.
കേരളത്തിന്‍റെ നട്ടെല്ലായ പ്രവാസികളെ വഞ്ചിക്കുന്ന സമീപനമാണ് ഈ സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും രാജാവിന്റെ സ്തുതിപാടകരല്ലാതെ ആര്‍ക്കെങ്കിലും അതിലേക്കു പ്രവേശനം ഉണ്ടോ എന്നും അഡ്വ. ബിന്ദു കൃഷ്ണ ചോദിച്ചു. ധൂര്‍ത്തും അഴിമതിയും മാത്രം കൈമുതലുള്ള ഈ സര്‍ക്കാര്‍ പ്രവാസികള്‍ക്ക് ഒരു പദ്ധതിയും നടപ്പില്ലാക്കാത്ത ഇവര്‍ വിശ്വാസ വഞ്ചനയാണ് കാണിക്കുന്നതെന്നും ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി. കേരള നിയമാ സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരതിലെതുമെന്നും അഡ്വ. ബിന്ദു കൃഷ്ണ പറഞ്ഞു.