കൊച്ചി: ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിലൂടെ കൊച്ചി സ്വദേശിനിയിൽ നിന്ന് നാലരക്കോടി രൂപ തട്ടിയെടുത്തതുൾപ്പെടെ വിവിധ കേസുകളിലെ മുഖ്യ സൂത്രധാരൻ കൊൽക്കത്തയിൽ പിടിയിൽ. കൊൽക്കത്ത സ്വദേശിയും മുൻ സന്തോഷ് ട്രോഫി താരവുമായ യുവമോർച്ച നേതാവാണ് പിടിയിലായത്.
ബംഗ്ലാദേശ് അതിർത്തിയായ കൃഷ്ണഗഞ്ചിൽനിന്നാണ് യുവമോർച്ച കൃഷ്ണഗഞ്ച് മണ്ഡലം പ്രസിഡന്റ് കൂടിയായ ലിങ്കൺ ബിശ്വാസിനെ പിടികൂടിയതെന്ന് കൊച്ചി സൈബർ പോലീസ് വ്യക്തമാക്കി.
രാജ്യത്തെ വിവിധയിടങ്ങളിൽ നടന്ന സൈബർ തട്ടിപ്പുകളുടെ മുഖ്യ സൂത്രധാരനായ ഇയാൾ. പ്രതിക്ക് കംബോഡിയയിലെ തട്ടിപ്പ് സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും കോടിക്കണക്കിന് രൂപയാണ് തട്ടിയെടുത്തതെന്നും പോലീസ് പറഞ്ഞു. കംബോഡിയയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് ലിങ്കൺ ബിശ്വാസ് നടപ്പാക്കിയത്.
കഴിഞ്ഞ 17-നാണ് കൊച്ചി സൈബർ പോലീസ് സംഘം കൊൽക്കത്തയിൽ എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് ബംഗാളിന്റെ മുൻ സന്തോഷ് ട്രോഫി താരം കൂടിയായ ഇയാളെ പിടികൂടിയത്. പ്രതിയുമായി അന്വേഷണ സംഘം കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് രാത്രിയോടെ സംഘം കൊച്ചിയിലെത്തുമെന്നാണ് വിവരം.
മറ്റ് സംസ്ഥാനങ്ങളിൽ നടന്ന തട്ടിപ്പുകേസുകളിലെ അന്വേഷണങ്ങളിലും വഴിത്തിരിവുണ്ടാക്കാൻ ബിശ്വാസിനെ ചോദ്യം ചെയ്യുന്നതിലൂടെ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. കേരളത്തിലെ സൈബർ തട്ടിപ്പുകൾക്ക് പിന്നിൽ കൊടുവള്ളി ഗ്യാങ്ങാണെന്ന് കണ്ടെത്തി മൂന്ന് പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരിൽനിന്നാണ് ലിങ്കൻ ബിശ്വാസിനെക്കുറിച്ച് പോലീസിന് സുപ്രധാന വിവരം ലഭിച്ചത്. തുടർന്നാണ് കൊൽക്കത്തയിലെത്തി അറസ്റ്റുണ്ടായത്.