- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണണമെന്നുണ്ട്. ജർമനിയിലേയും ശ്രീലങ്കയിലേയും ക്രിസ്ത്യാനികളെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് മിണ്ടാത്തത് എന്താണ്? ഒരു വശത്ത് ക്രൈസ്തവ നേതൃത്വത്തെ പ്രീണിപ്പിക്കാനും മറുവശത്ത് പ്രാദേശിക തലത്തിൽ ക്രിസ്ത്യാനികൾ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനുമാണ് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ തത്വസംഹിത ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
തൃശൂർ: ക്രൈസ്തവരോടുള്ള സംഘപരിവാർ സമീപനത്തിലെ ഇരട്ടത്താപ്പിൽ രൂക്ഷ വിമർശവുമായി ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോസ് മിലിത്തിയോസ്. ഡൽഹിയിൽ മെത്രാന്മാരെ ആദരിക്കുകയും ഇവിടെ പുൽക്കൂട് നശിപ്പിക്കുകയുമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ വിമർശിച്ചു. ഇത്തരം ശൈലിക്ക് മലയാളത്തിൽ എന്തോ പറയുമല്ലോ എന്നും അദ്ദേഹം പരിഹസിച്ചു.
ഒരു വശത്ത് ക്രൈസ്തവ നേതൃത്വത്തെ പ്രീണിപ്പിക്കാനും മറുവശത്ത് പ്രാദേശിക തലത്തിൽ ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനുമാണ് പ്രധാനമന്ത്രിയുടെ പാർട്ടിയുടെ രാഷ്ട്രീയ തത്വസംഹിത ശ്രമിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ജർമനിയിലേയും ശ്രീലങ്കയിലേയും ക്രിസ്ത്യാനികളെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് മിണ്ടാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. മെത്രാന്മാരെ ആദരിക്കുന്നുവെന്ന് വരുത്തിത്തീർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഈ ഇരട്ടത്താപ്പ് സഭകളിലെ ഉന്നതർക്ക് മനസിലാകാത്തതുകൊണ്ടല്ല. തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് അവർ നോക്കുന്നത്. വിചാരധാരയിൽ പറഞ്ഞത് നടപ്പാക്കാനാണ് ശ്രമം നടക്കുന്നത്. ഊതിക്കൊണ്ട് കഴുത്തറുക്കുക എന്ന ശൈലി പോലെയാണ് സംഘപരിവാറിന്റെ സമീപനമെന്നും അദ്ദേഹം പറഞ്ഞു. ജൂതരെ കൊന്നടുക്കിയപ്പോൾ ഞങ്ങളെല്ലാം ഹിറ്റ്‌ലർക്കൊപ്പമായിരുന്നല്ലോ എന്നും യുഹാനോസ് മെലെത്തിയോസ് ചോദിച്ചു. ഈ ഇരട്ടത്താപ്പിനെക്കുറിച്ച് പ്രധാനമന്ത്രിയോട് തുറന്ന് സംസാരിക്കണമെന്നുണ്ട്. അല്ലാതെയുള്ളതെല്ലാം നാടകമായോ തമാശയായോ ആയി കാണാനേ സാധിക്കൂവെന്നും മെത്രാപ്പൊലീത്ത യുഹാനോസ് മിലിത്തിയോസ് ചൂണ്ടിക്കാട്ടി.

ഡൽഹിയിൽ കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തിരുന്നു. തത്തമംഗലത്ത് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂളിൽ സ്ഥാപിച്ച പുൽക്കൂട് തകർത്തതും പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തിനെതിരേ രംഗത്തുവന്ന നാല് വി.എച്ച്.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തതും കഴിഞ്ഞദിവസങ്ങളിലാണ്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സംഘപരിവാർ സമീപനങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി മെത്രാപ്പൊലീത്ത രംഗത്തുവന്നത്.