കോഴിക്കോട്: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും തെരഞ്ഞെടുപ്പ് വിജയത്തെ മുസ്‌ലിം വർഗീയ ചേരിയുടെ വിജയമായി ചിത്രീകരിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ പ്രസ്താവനയിൽ രൂക്ഷ വിമർശവുമായി സമസ്തയുടെ മുഖപ്രത്രമായ സുപ്രഭാതം എഡിറ്റോറിയൽ.
സംഘ്പരിവാറിനെ സുഖിപ്പിക്കുന്ന നടപടികൾ സി.പി.എമ്മും സംസ്ഥാന സർക്കാറും തുടരുകയാണെന്നും മുസ്‌ലിം വിരുദ്ധതയും വെറുപ്പും നിറഞ്ഞതാണ് വിജയരാഘവന്റെ പ്രസ്താവനയെന്നും പത്രം ചൂണ്ടിക്കാട്ടി.
പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കാൻ മുസ്‌ലിം വിരോധം പ്രചരിപ്പിക്കുകയും ബി.ജെ.പിയെപ്പോലെ തന്നെ പരസ്യമായ ഹിന്ദുത്വ അനുകൂല നിലപാട് സ്വീകരിക്കുകയുമാണ് സി.പി.എം നേതാക്കൾ. വയനാട്ടിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും ജയിച്ചത് മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണകൊണ്ടാണെന്ന എ വിജയരാഘവന്റെ പരാമർശം സംഘ്പരിവാർ നേതാക്കൾ ഏറ്റെടുത്ത് ആഘോഷിക്കുകയാണിപ്പോൾ. മുസ്‌ലിം വിരുദ്ധതയുടെയും വെറുപ്പിന്റെയും ബഹിർസ്ഫുരണമാണ് വിജയരാഘവനിലൂടെ പുറത്തുവന്നതെന്നും എഡിറ്റോറിയൽ വിമർശിച്ചു.
ന്യൂനപക്ഷത്തെ, പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിനെതിരേ ഒളിഞ്ഞും തെളിഞ്ഞും വർഗീയത പറയുന്ന സി.പി.എം നേതാക്കളുടെ എണ്ണം വർധിക്കുകയാണ്. മുസ്‌ലിംകൾ സംഘടിച്ചാൽ, അവർക്ക് ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ സി.പി.എം എതിരാളികൾ ജയിച്ചാലൊക്കെ പാർട്ടി നേതൃത്വത്തിന്റെ പ്രതികരണങ്ങൾ എത്തുന്നത് വർഗീയതയിലേക്കാണ്. ന്യൂനപക്ഷത്തിനെതിരേ വർഗീയാരോപണം ഉന്നയിച്ചാൽ ഭൂരിപക്ഷ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയിലാണ് പാർട്ടിയെങ്കിൽ ആ ധാരണ തിരുത്തേണ്ട കാലം കഴിഞ്ഞു.
വർഗസമരമൊക്കെയും വലിച്ചെറിഞ്ഞ് അധികാര രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സി.പി.എം, വോട്ടിനുവേണ്ടി ജാതി മത വർഗീയ രാഷ്ട്രീയം പറയാനാണ് ഊർജം ചെലവഴിക്കുന്നതെന്നും ‘സംഘ്പരിവാറിന് മണ്ണൊരുക്കുന്നുവോ സി.പി.എം!’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗം ചൂണ്ടിക്കാട്ടി.
സംഘ്പരിവാർ ഉയർത്തുന്ന രാഷ്ട്രീയം പറയുന്നതാവരുത് സി.പി.എമ്മിന്റെ ലക്ഷ്യം. വിഭജനത്തിന്റെയും വർഗീയതയുടെയും രാഷ്ട്രീയം പറയുന്ന എ ടീം ഇവിടെയുണ്ടായിരിക്കെ ബി ടീമാവാൻ കേരളത്തിലെ സി.പി.എം നേതാക്കൾ ശ്രമിക്കരുത്. വിജയരാഘവന്മാരെ തിരുത്താൻ പാർട്ടി തയ്യാറാവാത്തിടത്തോളം ചവിട്ടിനിൽക്കുന്ന മണ്ണ് ഒലിച്ചുപോകുന്നത് സംഘ്പരിവാർ കൂടാരത്തിലേക്കായിരിക്കുമെന്നും സമസ്ത മുഖപത്രം മുന്നറിയിപ്പ് നൽകുന്നു.