- ഇസ്‌ലാമോഫോബിയ വളർത്താനാണ് സി.പി.എം ശ്രമം, സമസ്തയെ പിളർത്താനും ശ്രമിച്ചുവെന്ന് വിമർശം
കോഴിക്കോട്: ആർ.എസ്.എസ് പോലും പറയാൻ മടിക്കുന്നതാണ് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറയുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. വിജയരാഘവൻ വർഗീയ രാഘവനാണെന്നും വാ തുറന്നാൽ വർഗീയത മാത്രമാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര ചാലിക്കരയിലെ പാർട്ടി പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു കെ.എം ഷാജി.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിജയത്തിൽ വർഗീയത ആരോപിച്ച് സി.പി.എം നേതാവ് എ വിജയരാഘവൻ രംഗത്തുവന്നതിന് പിന്നാലെയാണ് ഷാജിയുടെ വിമർശം.
എ വിജയരാഘവനും പി മോഹനനും വർഗീയത വളർത്താൻ ശ്രമിക്കുകയാണ്. കാക്കി ട്രൗസർ അണിഞ്ഞ് ശാഖയിൽ പോയി നിൽക്കുന്നതാണ് പി മോഹനന് നല്ലതെന്നും കെ എം ഷാജി വിമർശിച്ചു.
മുസ്‌ലിം ലീഗിനെയും മുസ്‌ലിം സമൂഹത്തെയും നന്നാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് സി.പി.എമ്മും പിണറായി വിജയനും. അബ്ദുന്നാസർ മഅ്ദനിയെ വേദിയിൽ ഇരുത്തി പുകഴ്ത്തിയ നേതാവാണ് പിണറായി വിജയൻ. ജമാഅത്തെ ഇസ്‌ലാമിയുടെ പേര് പറഞ്ഞ് ഹിന്ദുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. വയനാട്ടിൽ 175-ലധികം ബൂത്തുകളിൽ രണ്ടാം സ്ഥാനത്ത് ബി.ജെ.പി ആണ്. ലീഗിനെ മര്യാദ പഠിപ്പിക്കാൻ വരുമ്പോൾ സി.പി.എം അനുയായികൾ ആർ.എസ്.എസിലേക്ക് പോവുകയാണെന്നെങ്കിലും ഇവർ അറിയണം.
ഇസ്‌ലാമോഫോബിയ വളർത്താനുള്ള ആസൂത്രിത നീക്കമാണ് സി.പി.എം നടത്തുന്നത്. സമസ്തയിൽനിന്ന് കിട്ടാവുന്നവരെയൊക്കെ കൂട്ടി സർക്കസ് നടത്തി, സമസ്തയെ പിളർത്താനും സി.പി.എം ശ്രമിച്ചു. മതസംഘടനകളെ മുസ്‌ലിം ലീഗ് വിരുദ്ധരാക്കാൻ ശ്രമിച്ചു. മുസ്‌ലിം വോട്ടുകൾ ലഭിക്കാനുള്ള തന്ത്രങ്ങളും പരീക്ഷിച്ചു. കളിക്കാവുന്ന എല്ലാ വൃത്തികെട്ട കളികളും സി.പി.എം കളിച്ചുവെന്നും കെ എം ഷാജി കുറ്റപ്പെടുത്തി.
സദ്ദാമിന്റെ പേര് പറഞ്ഞാൽ മുസ്‌ലിം വോട്ട് കിട്ടില്ലെന്ന് ഇപ്പോൾ സി.പി.എമ്മിന് മനസിലായി. ഹിന്ദു വോട്ട് കേന്ദ്രീകരിച്ച് പുതിയ വർഗീയത കളിക്കാൻ സി.പി.എം ശ്രമിച്ചു. ലീഗിനെ മുസ്‌ലിം സംഘടനക്കുള്ളിൽ എതിരാക്കാൻ ശ്രമിച്ചു. എൻ.ആർ.സി സമരത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തു. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ ഗൂഢതന്ത്രങ്ങളുമായി സിറാജിലും സുപ്രഭാതത്തിലും പരസ്യം നൽകി. മെക് വ്യായാമ കൂട്ടായ്മയുടെ വരെ മേക്കിട്ടു കയറി. കാക്കി ട്രൗസറിട്ട് വടിയും പിടിച്ച് ആർ.എസ്.എസ് ശാഖയിൽ പോയി നിൽക്കുന്നതാണ് കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനന് നല്ലത്.
ലീഗും മുസ്‌ലിംകളും മാത്രം നന്നായാൽ മതിയോ? ഈ നാടിന്റെ മണ്ണിന് ഒരു ചരിത്രമുണ്ട്. മുസ്‌ലിംകളും ഹിന്ദുക്കളും അടക്കമുള്ള മനുഷ്യർ എത്ര സ്‌നേഹത്തോടെ ഒരുമിച്ച് കഴിയുന്ന നാടാണ് കേരളം. വർഗീയത ഉണ്ടാക്കിയാൽ നിങ്ങൾക്ക് നാളെ പത്ത് വോട്ട് കിട്ടാം. അതിന് ശേഷവും ഇവിടെ നാട് നിൽക്കേണ്ടേ? നമ്മുടെ മക്കൾക്ക് ഇവിടെ ജീവിക്കേണ്ടേ? വിജയരാഘവൻ അടക്കമുള്ളവർ നടത്തുന്ന വർഗീയ കളിക്കെതിരെ വരുന്ന തെരഞ്ഞെടുപ്പുകളിൽ ശക്തമായ തിരിച്ചടി നൽകുമെന്നും ഷാജി ഓർമിപ്പിച്ചു.

സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് സി.പി.എം നേതാവിന്റെ വിവാദ പരാമർശമുണ്ടായത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട് ലോക്‌സഭ മണ്ഡലത്തിൽ നിന്ന് വിജയിച്ച് ഡൽഹിയിൽ എത്തിയത് മുസ്‌ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്നാണ് വിജയരാഘവൻ പറഞ്ഞത്. അവരുടെ പിന്തുണ ഇല്ലെങ്കിൽ രാഹുൽ ഗാന്ധി ജയിക്കുമായിരുന്നില്ല. പ്രിയങ്കയുടെ ഓരോ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട വർഗീയ, തീവ്രവാദ ഘടകങ്ങൾ ആയിരുന്നുവെന്നുമാണ് വിജയരാഘവന്റെ കുറ്റപ്പെടുത്തൽ.