ജിസാൻ: വസ്‌ത്രം അലക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ജിസാനിൽ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ പുറക്കാട് തോട്ടപ്പള്ളി ദേവസപ്പറമ്പ് വീട്ടിൽ സുമേഷ് സുകുമാരനാ(39)ണ് മരിച്ചത്. ഖമീസ് മുഷൈത്ത് ആസ്ഥാനമായ അൽഹിഷാം കോൺട്രാക്റ്റിംഗ് കമ്പനിയിലെ അലൂമിനിയം ഫേബ്രിക്കേഷൻ ടെക്‌നീഷ്യനായിരുന്നു.
അബൂഅരീഷ് കിംഗ് ഫഹദ് ആശുപത്രിക്ക് സമീപമുള്ള താമസസ്ഥലത്തുവെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്. കമ്പനിയിലെ സഹപ്രവർത്തകരെല്ലാം നമസ്‌കാരത്തിനായി പള്ളിയിൽ പോയിരുന്നതിനാൽ സുമേഷ് ഒറ്റയ്ക്കായിരുന്നു. റൂമിലുള്ളവർ തിക്കികെയെത്തിയപ്പോൾ വൈദ്യുതാഘാതമേറ്റ് വാഷിംഗ് മെഷീനു സമീപം അബോധാവസ്ഥയിൽ കണ്ടെത്തിയ സുമേഷിനെ ഉടൻതന്നെ കിംഗ്‌ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാവിലെ ഓവർടൈം ജോലികഴിഞ്ഞു ഒപ്പം റൂമിൽ തിരിച്ചെത്തിയ സുമേഷിൻറെ പെട്ടെന്നുള്ള മരണം സഹപ്രവർത്തകരെയെല്ലാം ദുഖത്തിലാഴ്ത്തിയതായി സഹപ്രവർത്തകനായ അലി പറഞ്ഞു.
ഒമ്പതു വർഷമായി ജിസാനിൽ ജോലിചെയ്യുന്ന സുമേഷ് അടുത്തമാസം ആദ്യം നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. സുകുമാരൻറെയും ഷൈനിയുടെയും മകനായ സുമേഷ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. കാവ്യയാണ് ഭാര്യ. മകൻ സിദ്ധാർഥ് (7). സുമേഷിൻറെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്ക് സഹായവുമായി ജിസാനിലെ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയാക്കി സുമേഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലയക്കുമെന്ന് സഹപ്രവർത്തകനും ഹരിപ്പാട് സ്വദേശിയുമായ ജി.ഗിരീഷ് കുമാർ നായർ അറിയിച്ചു.