ആലപ്പുഴ: മന്ത്രിയാകാനാകാത്തത് സമയദോഷം കൊണ്ടെന്ന് എൻ.സി.പി നേതാവും കുട്ടനാട് എം.എൽ.എയുമായ തോമസ് കെ തോമസ്. പലവട്ടം ചർച്ച നടന്നെങ്കിലും ഫലം കണ്ടില്ല. ഇത് സമയദോഷം മൂലമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
മന്ത്രിസ്ഥാനം സംബന്ധിച്ച് പാർട്ടി കേന്ദ്ര നേതൃത്വം ചർച്ച നടത്തുന്നുണ്ട്. തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറിന്റേതാണ്. തോമസ് ചാണ്ടിയോട് നീതി കാണിക്കാൻ പാർട്ടിക്ക് പറ്റിയില്ല. അത് ചെയ്യണമെന്നും തോമസ് കെ തോമസ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് തന്നോട് എതിർപ്പ് ഇല്ല. മന്ത്രിസ്ഥാനം സംബന്ധിച്ച് നിങ്ങളുടെ പാർട്ടി തന്നെ തീരുമാനിക്കാനാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയെ ഒരിക്കൽ കൂടി കാണണമെന്നും അദ്ദേഹം പറഞ്ഞു. മുൻ എം.എൽ.എ തോമസ് ചാണ്ടിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ചേന്നംങ്കരി സെ്ന്റ് പോൾസ് മർത്തോമാ പള്ളിയിലെ ശവക്കല്ലറയിൽ പുഷ്പാർച്ചന നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തോമസ് കെ തോമസ്.
വനം മന്ത്രി എ.കെ ശശീന്ദരനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന്റെ താൽപര്യം. ഇടത് എം.എൽ.എമാരായ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും എൻ.സി.പി അജിത് പവാർ പക്ഷത്തേക്കു മാറാനായി തോമസ് കെ തോമസ് മുഖേന നൂറു കോടി കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണം ഉയർന്നതോടെ, മന്ത്രിമാറ്റത്തിൽ പിടികൊടുക്കാതിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
എൻ.സി.പി ദേശീയ നേതൃത്വം സി.പി.എം ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട് മന്ത്രിമാറ്റത്തിനായി ശക്തമായ കരുനീക്കങ്ങൾ തുടരുകയാണ്. എൻ.സി.പിയുടെ അഭ്യന്തര കാര്യത്തിൽ മുഖ്യമന്ത്രി ഏതളവു വരെ കടുത്ത നിലപാടുമായി പോകുമെന്ന് നോക്കുകയാണ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം. എന്നാൽ, മുഖ്യമന്ത്രിയെ പൂർണമായും വിശ്വാസത്തിലെടുത്ത് നീങ്ങുകയാണ് മന്ത്രി എ.കെ ശശീന്ദ്രനും അദ്ദേഹത്തെ പിന്തുണക്കുന്ന പാർട്ടിയിലെ ബഹുഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും.