ബർലിൻ- കിഴക്കൻ ജർമ്മൻ പട്ടണമായ മാഗ്ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിൽ ആളുകൾക്കിടയിലേക്ക് കാർ ഇടിച്ചു കയറിയതിനെത്തുടർന്ന് ചെറിയ കുട്ടിയടക്കം രണ്ടു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. അറുപതിനും എൺപതിനും ഇടയിൽ ആളുകൾക്ക് പരിക്കേറ്റതായി ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കറുത്ത ബി.എം.ഡബ്ല്യു കാറാണ് ക്രിസ്‌മസ് മാർക്കറ്റിലെ ജനക്കൂട്ടത്തിലേക്ക് നേരെ ഓടിച്ചു കയറ്റിയത്. നാന്നൂറ് കിലോമീറ്റർ വേഗത്തിലാണ് കാർ ഓടിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കാറിൻ്റെ ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്തു. ആക്രമണത്തിന് തൊട്ടുമുമ്പാണ് ഇയാൾ കാർ വാടകക്ക് എടുത്തത്. കാറിൽ സ്ഫോടക വസ്തുക്കൾ ഉള്ളതായും പോലീസ് അറിയിച്ചു. കാറിൻ്റെ ഡ്രൈവർ തനിച്ചാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കാറിടിച്ച് നിരവധി പേർ ചോരയൊലിപ്പിച്ച് മാർക്കറ്റിൽ കിടക്കുന്നുണ്ടായിരുന്നു. യുദ്ധത്തെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രദേശത്ത് കണ്ടതെന്ന് മാർക്കറ്റിൽ ഫുഡ് വിതരണം ചെയ്യുന്ന ഒരാൾ പറഞ്ഞു. പ്രാദേശിക സമയം ഏകദേശം 7.04 നാണ് സംഭവം നടന്നത്. ഭീകരാക്രമണമായാണ് കണക്കാക്കുന്നതെന്നും പോലീസ് സ്ഥിരീകരിച്ചു. ബെർലിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള മാഗ്ഡെബർഗ്, സാക്‌സോണി-അൻഹാൾട്ടിൻ്റെ സംസ്ഥാന തലസ്ഥാനമാണ്. ഏകദേശം 240,000 പേരാണ് ഇവിടെ താമസിക്കുന്നത്.
പ്രതി അറസ്റ്റിൽ
ക്രിസ്മസ് മാർക്കറ്റിൽ കാർ ഇടിച്ചുകയറ്റിയ സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെ്യതതായി പോലീസ് അറിയിച്ചു. സൗദി പൗരനാണ് പിടിയിലായതെന്ന് സാക്‌സണി-അൻഹാൾട്ട് സ്റ്റേറ്റ് പ്രീമിയർ റെയ്‌നർ ഹാസെലോഫ് പറഞ്ഞു. 2006 മുതൽ ജർമ്മനിയിൽ കഴിയുന്ന ഒരു ഡോക്ടറാണ് പ്രതിയെന്ന് ഹാസെലോഫ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാഗ്ഡെബർഗിൽ നിന്ന് 40 കിലോമീറ്റർ തെക്ക് ബെർൺബർഗിലാണ് താമസിച്ചിരുന്ന പ്രതിക്ക് ജർമ്മനിയിൽ “സ്ഥിര താമസാനുമതി” ഉണ്ടായിരുന്നു.