കൊച്ചി: കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം ആറുവയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. നെല്ലിക്കുഴി പഞ്ചായത്തിലെ ഒന്നാം വാർഡിൽ താമസിക്കുന്ന യു.പി സ്വദേശി അജാസ് ഖാന്റെ മകൾ മുസ്‌കാനാണ് മരിച്ചത്.
ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റിരുന്നില്ല. തുടർന്ന് കുട്ടിയെ ആരോഗ്യവിദഗ്ധർ പിരശോധിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ, മരണകാരണം എന്താണെന്നതിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
ഉറങ്ങാൻ പോകുമ്പോൾ അച്ഛനും അമ്മയും ഒരു മുറിയിലും കൈക്കുഞ്ഞും ആറു വയസുകാരിയും മറ്റൊരു മുറിയിലുമായിരുന്നുവെന്നാണ് മാതാപിതാക്കൾ നൽകിയ മൊഴിയെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപോർട്ടിന് ശേഷം തുടർ നടപടികൾ തീരുമാനിക്കുമെന്ന് പോലീസ് പറഞ്ഞു.