ന്യൂഡല്‍ഹി: മോശം ഫോം തുടരുകയാണെങ്കില്‍ നായക പദവി ഒഴിയാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ തയ്യാറാകണമെന്ന് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. മോശം ഫോം തുടരുകയാണെങ്കില്‍ നായകപദവിയുമായി ബന്ധപ്പെട്ട് സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തിനായി രോഹിത് ശര്‍മ കാത്തുനില്‍ക്കരുത്. ഓസ്ട്രേലിയക്കെതിരായ അവസാന രണ്ടു ടെസ്റ്റ് മത്സരങ്ങളിലും ഫോം വീണ്ടെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തിനായി കാത്തുനില്‍ക്കാതെ സ്വമേധയാ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ രോഹിത് ശര്‍മ തയ്യാറാകണമെന്നും സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു.
‘അടുത്ത രണ്ട് മത്സരങ്ങളില്‍ കളിക്കാന്‍ രോഹിതിന് അവസരം ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു, അത് ഉറപ്പാണ്. പക്ഷേ രണ്ടു കളിയിലും രോഹിത് റണ്‍സ് നേടിയില്ലെങ്കില്‍, രോഹിത് തന്നെ നായകപദവി ഒഴിയുമെന്ന പ്രഖ്യാപനം നടത്തുമെന്നാണ് ഞാന്‍ കരുതുന്നത് ”- സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു.
‘രോഹിത് വളരെ മനഃസാക്ഷിയുള്ള ഒരു ക്രിക്കറ്റ് കളിക്കാരനാണ്, ടീമിന് ഒരു ഭാരമാകാന്‍ രോഹിത് ആഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് വളരെയധികം ശ്രദ്ധിക്കുന്ന ഒരു ക്രിക്കറ്റ് കളിക്കാരനാണ് അദ്ദേഹം. അതിനാല്‍ അടുത്ത രണ്ട് മത്സരങ്ങളില്‍ അദ്ദേഹം റണ്‍സ് നേടിയില്ലെങ്കില്‍, അദ്ദേഹം തന്നെ സ്വമേധയാ സ്ഥാനമൊഴിയുമെന്ന് ഞാന്‍ കരുതുന്നു.’- സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. ആരാധകര്‍ ഉറ്റുനോക്കിയിരുന്ന ബ്രിസ്ബെയ്ന്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലും രോഹിത് പരാജയപ്പെടുന്നതാണ് കണ്ടത്. പത്തുറണ്‍സ് മാത്രമാണ് സ്വന്തം പേരില്‍ കുറിക്കാന്‍ താരത്തിന് ആയത്.