കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നതിന് പിന്നാലെ സംപ്രേഷണം നിർത്തിയ കൊടുവള്ളിയിലെ എം.എസ് സൊലൂഷൻസ് ലൈവ് വീഡിയോയുമായി വീണ്ടും രംഗത്ത്. ബുധനാഴ്ചയിലെ എസ്.എസ്.എൽ.സി കെമിസ്ട്രി പരീക്ഷയുടെ സാധ്യതാ ചോദ്യങ്ങൾ ചാനലിൽ പങ്കുവെച്ചതിന് പിന്നാലെ നിർണായകമായ രണ്ട് പ്രഖ്യാപനങ്ങളും സ്ഥാപനം നടത്തി.
പുതുതായി രണ്ട് യൂട്യൂബ് ചാനലുകൾ കൂടി തുടങ്ങിയതായി എം.എസ് സൊലൂഷൻസ് സി.ഇ.ഒ ഷുഹൈബ് പറഞ്ഞു. എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കു വേണ്ടിയാണ് പുതിയ യൂട്യൂബ് ചാനലെന്ന് ഷുഹൈബ് അറിയിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിനെയും നിയമപാലകരെയും മാനിച്ച് സ്ഥാപനം മുന്നോട്ട് പോവുകയാണ്. കുറച്ചുദിവസം ചാനൽ നിർത്തിവെച്ചത് ആ സമയം മൗനം പാലിക്കണമെന്നതിനാലാണ്. എന്നാൽ, വാർത്തകളിൽ പറയുന്നതല്ല സത്യം. എം.എസ് സൊലൂഷ്യൻസിനെ തകർക്കാൻ വലിയ നീക്കങ്ങൾ നടക്കുന്നുണ്ട്. അതിനാലാണ് ക്ലാസെടുക്കാൻ മുന്നോട്ട് വന്നതെന്നും ചെയ്യാത്ത കുറ്റത്തിനാണ് ആരോപണം നേരിടുന്നതെന്നും ഷുഹൈബ് പറഞ്ഞു.
ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി യൂ ട്യൂബ് ലേണിംഗ് പ്ലാറ്റ്‌ഫോമിൽ ട്യൂഷൻ കൊടുത്ത കേസിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങിയിരിക്കുകയാണ്. ആരോപണ വിധേയനായ എം.എസ് സോല്യൂഷൻസ് സി.ഇ.ഒ ശുഹൈബിന്റേത് അടക്കമുള്ളവരുടെ മൊഴി ക്രൈംബ്രാഞ്ച് ഉടനെ രേഖപ്പെടുത്തുമെന്നാണ് വിവരം.
അന്വേഷണവുമായി സഹകരിക്കുമെന്നും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വന്ന സാധ്യതാ ചോദ്യങ്ങൾ നോക്കിയാണ് വീഡിയോ തയ്യാറാക്കിയതെന്നുമാണ് ആരോപണവിധേയനായ അധ്യാപകൻ പറയുന്നത്. എസ്.എസ്.എൽ.സി ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂ ട്യൂബ് ചാനലിലൂടെ പുറത്തുവന്നത്.
സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും വീഴ്ച ഉണ്ടാവാൻ സമ്മതിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുമെന്നും ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണ റിപോർട്ട് ലഭിച്ചാലുടൻ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.