തിരുവനന്തപുരം: 2019-ലെ പ്രളയം മുതൽ വയനാട് ഉരുൾപൊട്ടൽ വരെയുള്ള ദുരന്തമുഖത്തെ എയർലിഫ്റ്റിങ് രക്ഷാദൗത്യത്തിന് ചെലവായ തുക അടിയന്തരമായി തിരിച്ചടക്കണമെന്ന കേന്ദ്ര സർക്കാറിന്റെ കത്തിൽ പ്രതികരിച്ച് കേരളം. കേന്ദ്രത്തിന്റേത് മര്യാദകേടാണെന്നും തുക ഒഴിവാക്കി നൽകാൻ ആവശ്യപ്പെടുമെന്നും റവന്യു മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു.
ദുരന്തമുഖത്തെ എയർ ലിഫ്റ്റിന് 132.62 കോടി കേരളത്തോട് കൂലി ചോദിച്ചത് കടുത്ത വിവേചനമാണ്. മലയാളികളുടെ അഭിമാനബോധത്തെ കൂടിയാണ് കേന്ദ്രം ചോദ്യം ചെയ്യുന്നത്. കേന്ദ്രസേനയുടെ സേവനത്തിനുള്ള തുക കേരളത്തിന് ലഭിക്കേണ്ട സഹായധനത്തിൽനിന്ന് വെട്ടിക്കുറക്കണമെങ്കിൽ അതിൽ ചർച്ചയാകാം. കേരളത്തിന് കിട്ടേണ്ടത് കേരളത്തിന്റ അവകാശമാണ്. നിലപാട് കോടതിയെ അറിയിക്കും. ജനങ്ങളുടെ ആശങ്ക വലുതാണ്. ഏത് ഘട്ടത്തെയും നേരിടാൻ കേരളം തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
ദുരന്തമുഖത്ത് കേന്ദ്രം നൽകുന്ന സേവനങ്ങൾക്കും കേന്ദ്ര ഏജൻസികളുടെ സേവനങ്ങൾക്കും കേന്ദ്രം തന്നെ തുക എടുക്കുന്നതാണ് നല്ലത്. അതല്ലാതെ സംസ്ഥാന എസ്.ഡി.ആർ.എഫിൽ നിന്ന് എടുത്ത് കേന്ദ്രത്തിന് നൽകാൻ പറയുന്നത് പ്രയോഗികമായി ശരിയല്ല.
അതാത് സംസ്ഥാനങ്ങളാണ് തുക വഹിക്കേണ്ടതെങ്കിലും അതിന് തുല്യമായ തുക കേന്ദ്രം നൽകേണ്ടതുമാണ്. എന്നാൽ, ഈ ഘട്ടത്തിൽ കേരളത്തിന്റെ എസ്.ഡി.ആർ.എഫ് ഫണ്ട് തന്നെ പല രീതിയിൽ ഉപയോഗിക്കേണ്ടതുള്ളതിനാൽ അതിൽ നിന്ന് ഇത്രയും ഭീമമായ തുക കേന്ദ്രത്തിന് നൽകേണ്ടത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.