(പൊന്നാനി)മലപ്പുറം: പൊന്നാനിയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയോടെ പൊന്നാനി എ വി ഹൈസ്‌കൂളിന് സമീപമാണ് സംഭവം.
പരീക്ഷ കഴിഞ്ഞിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇടയിലേയ്ക്കാണ് എടപ്പാൾ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ പാഞ്ഞു കയറിയത്. വിദ്യാർത്ഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.
അമിത വേഗത്തിലായിരുന്നില്ലെങ്കിലും നിയന്ത്രണം വിട്ട് കാർ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. പാലക്കാട് പനയമ്പാടത്ത് നാല് വിദ്യാർത്ഥികളുടെ ജീവൻ കവർന്ന അപകടത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് പരുക്ക് ഗുരുതരമല്ലെങ്കിലും മറ്റൊരു അപകടം കൂടിയുണ്ടായത്. ഇന്നലെ വൈകിട്ട് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാല് വിദ്യാർത്ഥികളാണ് ലോറിക്കടിയിൽപ്പെട്ട് മരിച്ചത്.