കൊച്ചി: ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. പോപ്പുലർ ഫ്രണ്ടിന്റെ മുൻ ജില്ലാ ഭാരവാഹിയായ മൂന്നാം പ്രതി എം.കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
വിചാരണ കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ പരിഗണിച്ച് ജസ്റ്റിസുമാരായ വി രാജാ വിജയരാഘവൻ, പി വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസിന്റെ വിചാരണ കാലത്തും ശിക്ഷാവിധിക്കു ശേഷവും ഒൻപത് വർഷത്തിലധികം ജയിൽ ശിക്ഷ അനുഭവിക്കുകയാണെന്ന പ്രതിയുടെ വാദം പരിഗണിച്ചാണ് ഹൈക്കോടതി നടപടി.
നാസറിന് ജീവപര്യന്തം തടവാണ് വിചാരണ കോടതി നേരത്തെ വിധിച്ചിരുന്നത്. പ്രതിക്ക് ജാമ്യം നല്കുന്നതിനെ ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ ശക്തമായി എതിർത്തെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. ഒരുലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം, രാജ്യം വിട്ടുപോകരുത്, അന്വേഷണത്തെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം നല്കിയത്.
ആലുവ കുഞ്ഞുണ്ണിക്കര സ്വദേശിയായ നാസറാണ് കൈവെട്ടു കേസിലെ മുഖ്യസൂത്രധാരനെന്നാണ് അന്വേഷണ ഏജൻസി കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നത്. കൈവെട്ടു കേസിന്റെ ഗൂഢാലോചനയിൽ അടക്കം പങ്കുണ്ടെന്നും, കൃത്യത്തിന് വേണ്ട വാഹനങ്ങൾ സംഘടിപ്പിച്ചതും ആളുകളെ റിക്രൂട്ട് ചെയ്തതും നാസർ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

2010 ജൂലൈ നാലിനാണ് ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ച് അധ്യാപകനായിരുന്ന പ്രഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയത്. കേസിൽ കഴിഞ്ഞ വർഷമാണ് കോടതി ശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ് എന്നിവർക്കെതിരെ ഭീകരപ്രവർത്തനം ഉൾപ്പെടെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു. ആദ്യം സംസ്ഥാന പോലീസും പിന്നീട് എൻ.ഐ.എയുമാണ് കേസന്വേഷിച്ചത്.