പാലക്കാട്: മണ്ണാർക്കാട് കല്ലടിക്കോട് ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥിനി കൂടി മരിച്ചു. ഇതോടെ മരണം നാലായി.
മൂന്ന് മൃതദേഹങ്ങൾ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു പെൺകുട്ടിയുടെ മൃതദേഹം മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിലുമാണുള്ളത്. നാലരയോടെയാണ് അപകടമുണ്ടായത്. അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
കരിമ്പ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനികളായ ആയിഷ, ഇർഫാന, റിദ, മിത എന്നിവരാണ് മരിച്ചത്.
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു അഞ്ച് വിദ്യാർത്ഥിനികൾ. കടയിൽ നിന്ന് മിഠായി വാങ്ങി വരികയായിരുന്നു. ഈ സമയം സിമന്റുമായെത്തിയ ലോറി കാറുമായിടിച്ച് നിയന്ത്രണം വിട്ടു. തുടർന്ന് വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു.
ഇതുകണ്ട് കൂടെയുണ്ടായിരുന്ന പെൺകുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. ലോറി പൂർണമായും ഉയർത്തിയിട്ടുണ്ട്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
നിത്യേന അപകടമുണ്ടാകുന്ന സ്ഥലമാണ്. ഇതുസംബന്ധിച്ച് പരാതിപ്പെട്ടിട്ടും റോഡ് അപകടരഹിതമാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്.