തന്റെ മുന്നിലെത്തുന്ന ആയിരകണക്കിന് മനുഷ്യരുടെ സങ്കടങ്ങളിൽനിന്നും സ്വപ്നങ്ങളിൽനിന്നും നെയ്തെടുത്ത വാക്കുകൾ പ്രവാസി സമൂഹത്തിന്റെയും വർത്തമാനത്തെയും ഭാവിയെയും കൂട്ടിയിണക്കി അവതരിപ്പിച്ച പുസ്തകമാണ് യൂസഫ് കെ കാക്കഞ്ചേരി രചിച്ച പ്രവാസം, ചരിത്രവും വർത്തമാനവും എന്ന ഗ്രന്ഥം. പതിനെട്ട് അധ്യായങ്ങളിലായി പരന്നു കിടക്കുന്ന ഗ്രന്ഥം പ്രവാസ ലോകത്തിരുന്ന് പ്രവാസത്തിന്റെ കഥ പറയുന്ന അപൂർവ്വം രചനകളിലൊന്നാണ്. റിയാദിലെ ഇന്ത്യൻ എംബസി ജീവനക്കാരനായ യൂസഫ് കെ കാക്കഞ്ചേരി ഔദ്യോഗിക ജീവിതത്തിനൊപ്പം കാരുണ്യപ്രവർത്തനങ്ങളിലെയും സജീവ സാന്നിധ്യമാണ്. റിയാദ് ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന കോഴിക്കോട് സ്വദേശി റഹീമിന്റെ മോചനത്തിന് അടക്കം മുന്നിൽനിന്ന് പ്രവർത്തിച്ചു.
ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശത്ത് ചേക്കേറുന്ന നൂറു കണക്കിന് ആളുകളുടെ കണക്കുകൾ മുതൽ കുത്തഴിഞ്ഞ ജീവിതം കൊണ്ട് എല്ലാം നഷ്ടപ്പെടുന്ന പ്രവാസികളുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സ്വദേശിവത്കരണം, പ്രത്യേകിച്ച് സൗദി അറേബ്യയിലെ നിതാഖാത്ത് എങ്ങിെനയാണ് പ്രവാസികളെ മാറ്റി മറിച്ചതെന്ന് സവിസ്തരം ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.
ഹുറൂബ്(സ്പോൺസറുടെ അടുത്തുനിന്ന് അനുവാദമില്ലാതെ ജോലി ചെയ്യാതെ വിട്ടുനിൽക്കുന്ന തൊഴിലാളി) ആയി രേഖപ്പെടുത്തപ്പെട്ട പ്രവാസികളുടെ ദുഖം ഈ പുസ്തകത്തിന്റെ ഇരുപത്തിയെട്ടാമത്തെ പേജിൽ യൂസഫ് കെ കാക്കഞ്ചേരി വിവരിക്കുന്നുണ്ട്. ഹുറൂബായി രേഖപ്പെടുത്തപ്പെട്ട ഒരാൾ മരിച്ചാൽ മൃതദേഹം പോലും നാട്ടിലേക്ക് കൊണ്ടുപോകാൻ ഏറെ പ്രയാസം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു. (ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കെയാണ് സൗദിയിൽ ഹുറൂബ് മാറ്റാൻ സർക്കാർ സാവകാശം അനുവദിച്ചത്). ഇത്തരത്തിൽ പ്രവാസികൾ നേരിടുന്ന ഔദ്യോഗികവും സാമൂഹികവും കുടുംബപരവുമായ നിരവധി പ്രശ്നങ്ങൾ ഈ പുസ്തകത്തിലുണ്ട്.

“ലോകം ഉള്ളംകയ്യിലെ പന്തായിതീരുന്ന കാലത്ത് പ്രവാസം കേവലം മാനസിക ശാരീരിക ഭാവമായി ചുരുങ്ങുന്നില്ല. മാത്രമല്ല മറ്റുപല സവിശേഷ അനുഭവങ്ങളായി മാറുന്നുമുണ്ട്. പ്രവാസമെഴുത്ത് ഒരേ സമയം ചരിത്രമെഴുത്തായും താരതമ്യ പഠനമായും മാറുന്നു. യുസഫ് കെ കാക്കഞ്ചേരിയുടെ ‘ പ്രവാസം : ചരിത്രവും വർത്തമാനവും’ ഒരു വലിയ പ്രവർത്തനവും വൈജ്ഞാനിക സാഹിത്യവുമായി മാറുന്നത് ഈ കോൺടെക്സ്റ്റിലാണ്. സൗദിയുടെ ഇന്നലെയും ഇന്നും ഇത്തരത്തിൽ അനാവരണം ചെയ്യുന്ന മറ്റൊരു പുസ്തകം ചൂണ്ടിക്കാനില്ല.” ഈ പുസ്തകത്തെ പറ്റി പ്രസാധാകരായ കോഴിക്കോട്ടെ ഹരിതം ബുക്സ് ഇങ്ങനെയാണ് രേഖപ്പെട്രുത്തിയത്.
പ്രവാസികളിലെ വർദ്ധിച്ചു വരുന്ന ആത്മഹത്യകളും അതിലേക്ക് നയിക്കുന്ന കാരണങ്ങളും പ്രവാസികളിലും പ്രവാസി കുടുംബങ്ങളിലും കണ്ട് വരുന്ന സാമ്പത്തികധൂർത്തിനെ പറ്റിയും പുസ്തകം അനാവരണം ചെയ്യുന്നു. പ്രവാസികളിൽ സമ്പാദ്യശീലത്തിൻ്റ ആവശ്യകതയും പ്രവാസിപുനരധിവാസ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിനെക്കുറിച്ചും നോർക്ക റൂട്ട്സിൻ്റെ പ്രവാസി പെൻഷൻ സ്കീമിനെ സംബന്ധിചും പുസ്തകം അടിവരയിടുന്നു. ഏജന്റുമാരുടെ ചതിയിൽപ്പെട്ടു മയക്കുമരുന്നുകടത്ത് പോലുള്ള ക്രൂരകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രവാസികൾക്ക് കടുത്ത മുന്നറിയിപ്പ് നൽകുന്നു പുസ്തകം. പ്രവാസികൾ അവശ്യം അറിഞ്ഞിരിക്കേണ്ട സൗദി ലേബർ നിയമങ്ങളെ സംബന്ധിച്ചും പുസ്തകം വിവരിക്കുന്നുണ്ട്
പ്രവാസം അവസാനിപ്പിച്ചു പിറന്ന നാട്ടിലേക്ക് ഒരു നാൾ തിരിച്ചു പോവേണ്ടവർ തന്നെയാണ് തങ്ങളെന്ന ബോധ്യം പ്രവാസിക്കുണ്ടാകണമെന്ന് ആമുഖത്തിൽ പറഞ്ഞുവെക്കുന്നുണ്ട്. ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത ഇത് വെറും ഡാറ്റകൾ കൂട്ടിവെച്ചതല്ല എന്നതാണ്. അതേസമയം ഓരോ ഫയലിലും ഓരോ ജീവനുണ്ട് എന്ന് പറയുന്നത് പോലെ ഇതിലെ ഓരോ ഡാറ്റയിലും ഓരോ ജീവിതങ്ങൾ അദ്ദേഹം മനോഹരമായി തുന്നിവെച്ചിട്ടുണ്ട്. ഈ പുസ്തകത്തെ എക്കാലത്തും നിലനിർത്തുന്നതും ഇതിലെ വാക്കുകളുടെ ജീവനാണ്.