ദമാസ്‌കസ്: പ്രതിപക്ഷ ഗ്രൂപ്പുകളുടെ ശക്തമായ ആക്രമണത്തിൽ അധികാരവും രാജ്യവും ഉപേക്ഷിച്ച് ജീവനും കൊണ്ട് രക്ഷപ്പെടാൻ നിർബന്ധിതനായ ബശാർ അൽഅസദിന്റെ കൈകൾ ആറു ലക്ഷത്തിലേറെ സിറിയക്കാരുടെ ചുടുരക്തത്താൽ പങ്കിലം.
അറബ് വസന്തം എന്ന ഓമനപ്പേരിൽ അറബ് ലോകത്ത് പൊട്ടിപ്പുറപ്പെട്ട ജനകീയ വിപ്ലവങ്ങളുടെ തീച്ചൂളയിൽ 2011-ൽ സിറിയയിൽ ബശാർ അൽഅസദ് ഭരണകൂടത്തിനെതിരെയും പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചു. പ്രതിഷേധക്കാരെ റഷ്യയുടെയും ഇറാന്റെയും ശക്തമായ പിന്തുണയോടെ ബശാർ അൽഅസദ് അടിച്ചമർത്താൻ ശ്രമിച്ചത് ആഭ്യന്തര യുദ്ധത്തിൽ കലാശിച്ചു.
വർഷങ്ങൾ നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിൽ ആറുലക്ഷത്തിലേറെ പേർ കൊല്ലപ്പെട്ടു. ഇതിൽ പകുതിയിലേറെ പേരും സാധാരണക്കാരായിരുന്നു. സിറിയൻ ജനസംഖ്യയിൽ 67 ലക്ഷം പേർ സിറിയക്കകത്തും 66 ലക്ഷം പേർ വിദേശത്തും അഭയാർത്ഥികളായി.
ജനകീയ പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊന്ന ബശാർ അൽഅസദിന് കാലം കാത്തുവെച്ച തിരിച്ചടിയാണ് പ്രതിപക്ഷ സേനയിലൂടെ തീർത്തും അപ്രതീക്ഷിതമായി ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ജനകീയ പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലുന്നതിൽ പ്രതിഷേധിച്ച് അറബ് രാജ്യങ്ങൾ ഒന്നടങ്കം സിറിയയെ ബഹിഷ്‌കരിച്ചു.
12 വർഷം നീണ്ട ബഹിഷ്‌കരണം കഴിഞ്ഞ വർഷമാണ് അവസാനിപ്പിച്ചത്. പശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുണ്ടായിട്ടും ബശാർ അൽഅസദ് ഭരണത്തെ മറിച്ചിടാൻ ജനകീയ പ്രക്ഷോഭത്തിലൂടെ പ്രതിപക്ഷത്തിന് സാധിച്ചിരുന്നില്ല. ഇതാണിപ്പോൾ ആരും പ്രതീക്ഷിക്കാത്ത നിലയ്ക്ക് ക്ഷിപ്രമാത്രയിൽ സാധ്യമായിരിക്കുന്നത്. ഹിസ്ബുല്ലക്കും ഇറാനും തിരിച്ചടികൾ നേരിട്ടതും റഷ്യയുടെ ശ്രദ്ധ മുഴുവൻ ഉക്രൈൻ യുദ്ധത്തിലേക്ക് തിരിഞ്ഞതുമാണ് ബശാർ അൽഅസദിന്റെ അപ്രതീക്ഷിത പതനത്തിലേക്ക് നയിച്ചത്.