തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഭാര്യ മഞ്ജുഷയുടെ ആരോപണങ്ങൾ തള്ളി സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. നവീൻ ബാബുവിന്റെ മരണം കൊലപാതകമല്ലെന്നും ജീവനൊടുക്കിയതാണെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എം നേതാവ് പി.പി ദിവ്യ തന്റെ മേൽ ഉദ്യോഗസ്ഥരുടെ മുമ്പിൽ വെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്താലാണ് തൂങ്ങിമരിച്ചതെന്നും വ്യക്തമാക്കുന്നു.
നവീനെ അപമാനിക്കാൻ ദിവ്യ ബോധപൂർവ ശ്രമം നടത്തി. ക്ഷണിക്കാതെയാണ് ദിവ്യ യാത്രയയപ്പ് യോഗത്തിലേക്ക് നുഴഞ്ഞുകയറിയത്. സഹപ്രവർത്തകരുടെ മുന്നിൽവെച്ച് ഗുരുതരമായ അഴിമതി ആരോപണം ഉന്നയിച്ചു. ഇത് മനോവിഷമമുണ്ടാക്കി. നവീൻ ബാബുവിനെ തേജോവധം ചെയ്യുക എന്ന ദുരുദ്ദേശത്തോടെയാണ് പി പി ദിവ്യ യോഗത്തിന് എത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ.
മരണത്തിൽ അന്വേഷണം ശരിയായ ദിശയിലാണ്. കേസിൽ എല്ലാ തെളിവുകളും ശേഖരിച്ചുവെന്നും പഴുതില്ലാത്ത അന്വേഷണമാണ് നടക്കുന്നതെന്നും സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു. മരണം, കൊലപാതകമെന്ന് സംശയിക്കാനുള്ള തെളിവുകളോ, സാഹചര്യമോ ഇല്ലെന്ന് സത്യവാങ്മൂലം വ്യക്തമാക്കി. തൂങ്ങി മരിച്ചുവെന്നാണ് പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തൽ. നവീന് ബാബുവിന്റെ മൃതശരീരത്തിൽനിന്ന് മറ്റ് മുറിവുകൾ കണ്ടെത്താനായില്ല. കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഫൊറൻസിക് വിദഗ്ധർ സംശയം പ്രകടിപ്പിച്ചിട്ടില്ല.
പോലീസ് സംഭവസ്ഥലത്ത് എത്താൻ വൈകിയെന്ന കുടുംബത്തിന്റെ വാദം തെറ്റാണ്. കലക്ടറേറ്റ് പരിസരത്തെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടില്ലെന്ന വാദവും ശരിയല്ല. കുടുംബത്തിന്റെ ആക്ഷേപങ്ങളെല്ലാം അടിസ്ഥാനമില്ലാതമാണെന്നും എസ് ഐ ടി വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനെന്നും വിമർശിക്കുന്നു.

ബന്ധുക്കളുടെ സാന്നിധ്യത്തിലല്ല ഇൻക്വസ്റ്റ് പൂർത്തിയാക്കിയതെന്ന വാദത്തിലും സർക്കാർ നിലപാട് അറിയിച്ചു. റവന്യൂ ഉദ്യോഗസ്ഥരുടെ മുമ്പിൽ വച്ച്, അഞ്ച് സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നതിന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യം ആവശ്യമില്ല. മരണവിവരം അറിഞ്ഞ് നാല് മണിക്കൂറിനകം ഇൻക്വസ്റ്റ് പൂർത്തിയാക്കണമെന്നാണ് സർക്കാർ ഉത്തരവ്. ബന്ധുക്കൾ പത്തനംതിട്ടയിൽ നിന്ന് കണ്ണൂരിലെത്തിയത് മരണവിവരമറിയിച്ച് 15 മണിക്കൂറിന് ശേഷമാണ്. നവീൻ ബാബുവിന്റെ താമസ സ്ഥലത്തുനിന്ന് വിരലടയാളങ്ങൾ ഉൾപ്പടെ ശേഖരിച്ചിട്ടുണ്ട്.
മൊഴി രേഖപ്പെടുത്താൻ വൈകിയെന്ന കുടുംബത്തിന്റെ വാദവും സർക്കാർ തള്ളി. സംഭവത്തിന് മൂന്ന് ദിവസത്തിനകം മക്കളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതിവേഗത്തിലും കാര്യക്ഷമവുമായ അന്വേഷണമാണ് നടക്കുന്നതെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും മഞ്ജുഷ നല്കിയ ഹർജിയിലെ വാദങ്ങളിൽ വൈരുധ്യമുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
എടിഎമ്മിന്റെയും പെട്രോൾ ബംഗിനായി അപേക്ഷ, ഡാറ്റ റിക്കാർഡുകൾ പരിശോധിച്ചു. നവീൻ ബാബുവിന്റെയും പെട്രോൾ പമ്പിനായി അപേക്ഷ നൽകിയ പ്രശാന്തന്റെയും സിഡിആർ പരിശോധിച്ചു. അന്വേഷണത്തിൽ പുരോഗതിയില്ലെന്ന ഹർജിക്കാരിയായ നവീൻ ബാബുവിന്റെ ഭാര്യയുടെ വാദം അവാസ്തവമാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.