കൊല്ലം: സുഹൃത്തിനൊപ്പം കാറില്‍ പോകുകയായിരുന്ന യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു. കൊല്ലം കൊട്ടിയം തഴുത്തല സ്വദേശി അനിലയെയാണ് ഭര്‍ത്താവ് പത്മരാജന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നത്. കാറില്‍ അനിലയ്ക്ക് ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കൊല്ലം ചെമ്മാമുക്കില്‍ വെച്ചാണ് സംഭവം നടന്നത്. രാത്രി ഒമ്പത് മണിയോട് കൂടി നഗരത്തില്‍ റെയില്‍വേ സ്‌റ്റേഷന് സമീപമാണ് കൊലപാതകം നടന്നത്.
ബേക്കറി ഉടമയായ അനിലയും ജീവനക്കാരനായ സോണിയെന്ന യുവാവുമാണ് കാറിലുണ്ടായിരുന്നത്. കൊല്ലം ഈസ്റ്റ് പൊലീസ് ആണ് ഭര്‍ത്താവ് പത്മരാജനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് മറ്റൊരു യുവാവിനേയും അനിലയേയും ലക്ഷ്യമിട്ടാണ് ഭര്‍ത്താവ് എത്തിയത്. ബേക്കറി നടത്തിപ്പിലെ പങ്കാളിയായ മറ്റൊരു യുവാവിനെയാണ് ലക്ഷ്യമിട്ടത്. എന്നാല്‍ കാറില്‍ ഒപ്പമുണ്ടായിരുന്നത് ജീവനക്കാരനായിരുന്നു. ഈ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും കൊല്ലം ഈസ്റ്റ് പൊലീസ് അറിയിച്ചു.
ആക്രമണത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ആളൊഴിഞ്ഞ സ്ഥലം നോക്കിയാണ് പ്രതി കൃത്യം നടത്തിയത്. ഒമിനി വാനില്‍ എത്തിയ പത്മരാജന്‍ കാറിന് കുറുകെ നിര്‍ത്തുകയായിരുന്നു. ഇതിന് ശേഷം കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ കാറിനുള്ളിലേക്ക് ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. രണ്ട് വാഹനങ്ങളും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ അനിലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.