ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെ അവഗണിച്ച് സി.പി.എം അമ്പലപ്പുഴ ഏരിയാ സമ്മേളനം. ജി സുധാകരന്റെ പറവൂരിലെ വീടിന് തൊട്ടടുത്താണ് സി.പി.എം ഏരിയാ സമ്മേളനം നടക്കുന്നതെങ്കിലും അദ്ദേഹത്തിന് ക്ഷണമില്ല.
സമ്മേളന ദിവസങ്ങളിൽ ജി സുധാകരൻ വീട്ടിൽ തന്നെയുണ്ടെങ്കിലും ഉദ്ഘാടന ചടങ്ങിലേക്കും ഇന്നത്തെ പൊതുസമ്മേളനത്തിലേക്കും ഇതുവരെയും ജി സുധാകരനെ ക്ഷണിച്ചിട്ടില്ല. നിലവിൽ സി.പി.എം ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ് ജി സുധാകരൻ.
തനിക്ക് പാർട്ടി പദവികളില്ലാത്തത് കൊണ്ടാവും തന്നെ ഒഴിവാക്കിയതെന്നും ക്ഷണിക്കാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നുമാണ് ജി സുധാകരൻ ഇതോടായി പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വീട്ടിൽനിന്നും ഒരു കിലോമീറ്റർ മാത്രം അകലയൊണ് സമ്മേളനം നടക്കുന്നത്.
സി.പി.എമ്മിന്റെ ആലപ്പുഴയിലെ യുവനേതാവായിരുന്ന ടി.ജെ ആഞ്ചലോസിനെ പാർട്ടിയിൽനിന്നു പുറത്താക്കിയത് കള്ള റിപോർട്ട് ഉണ്ടാക്കിയാണെന്ന് നേരത്തേ ജി സുധാകരൻ ആരോപിച്ചത് ഏറെ ചർച്ചയായിരുന്നു. സി.പി.ഐ വേദിയിൽ ആഞ്ചലോസിന്റെയും സി.പി.ഐ നേതാവ് മുല്ലക്കര രത്‌നാകരന്റെയും സാന്നിധ്യത്തിലായിരുന്നു സുധാകരന്റെ തുറന്നുപറച്ചിൽ.
സുധാകരന്റെ പല തുറന്നുപറച്ചിലും ഇത്തരത്തിൽ നേതൃത്വത്തിനും പിണറായി സർക്കാറിനും ദഹനക്കേടായി മാറുന്ന പശ്ചാത്തലത്തിലാണ് സുധാകരനുമായുള്ള നേതൃത്വത്തിന്റെ ഈ അകലം പാലിക്കൽ.