ആലപ്പുഴ: സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാനവ സഞ്ചാരത്തിന് ആലപ്പുഴയിൽ ആവേശകരമായ വരവേൽപ്പ്. മത- രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക-വാണിജ്യ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നൽകിയ സ്വീകരണം നഗരത്തിന്റെ വൈവിധ്യവും പെരുമയും ഉയർത്തിപ്പിടിക്കുന്നതായി. സാംസ്കാരിക വൈവിധ്യങ്ങളുടെയും വാണിജ്യ പാരമ്പര്യത്തിന്റെയും നാടായ ആലപ്പുഴയുടെ തനത് പൈതൃകവും സൗഹാർദവും വിളംബരം ചെയ്യുന്ന വിവിധ പരിപാടികളും സ്വീകരണ സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
സഞ്ചാരത്തിന്റെ ഭാഗമായി എസ് വൈ എസ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ ജില്ലയിലെ 8 കേന്ദ്രങ്ങളിൽ ബഹുജനങ്ങളെ ഉൾപ്പെടുത്തി പ്രഭാത നടത്തം സംഘടിപ്പിച്ചു. രാവിലെ പത്തിന് ആരംഭിച്ച യുവജന സംഗമത്തിൽ വിവിധ യുവജന രാഷ്ട്രീയ നേതാക്കളും സംരംഭകത്വ-ജീവകാരുണ്യ രംഗത്തെ പ്രമുഖരും സംബന്ധിച്ചു. കുതിരപ്പന്തി മുട്ടത്തുപറമ്പിലെ കയർ വ്യവസായ യൂണിറ്റ്, പള്ളാത്തുരുത്തിയിലെ ബോട്ട് ജീവനക്കാർ എന്നിവരുമായി സംവദിച്ച എസ് വൈ എസ് നേതൃത്വം ജില്ലയിലെ പരമ്പരാഗത വ്യവസായങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ കേട്ടറിഞ്ഞു.
ജില്ലയിലെ വിവിധ സ്കൂളുകളിൽ ലഹരി വിരുദ്ധ ബോധവത്കരണവും നടത്തി.
വൈകുന്നേരം കല്ലുപാലത്ത് നിന്നാരംഭിച്ച സൗഹൃദ നടത്തത്തില്‍ മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അണിചേര്‍ന്നു. ശേഷം ആലപ്പുഴ മുന്‍സിപ്പല്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്ന മാനവ സംഗമം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതേതര ബോധം മുറുകെപിടിക്കാനാണ് ജനാധിപത്യ വിശ്വാസികൾ ശ്രമിക്കേണ്ടതെന്നും ഹൃദയങ്ങളെ തമ്മിൽ ചേർക്കാൻ മാനവ സഞ്ചാരത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. മാന്നാര്‍ അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. മുന്‍ എം പി എ എം ആരിഫ്, മുന്‍ മന്ത്രി ഡി സുഗതന്‍, സ്വാമി വിശ്വ സ്വരൂപാനന്ദ, ഫാദര്‍ ജോഷി, മഹാദേവന്‍ വാഴശ്ശേരി , കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി ശ്രീകുമാര്‍, വിവരവകാശകമ്മീഷണര്‍ എ എ ഹകീം നഹ, ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി, ഡി സി സി ജനറല്‍ സെക്രട്ടറി എ ജെ ഷാജഹാന്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ എം നസീര്‍, പി ഡി പി സംസ്ഥാന വൈസ് ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി എസ് എം ഹുസൈന്‍, മുഹമ്മദലി കിനാലൂര്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം , സ്വാദിഖ് സഖാഫി പെരിന്താറ്റിരി പങ്കെടുത്തു.