10 വർഷം 3 ബസുകൾ, പിന്നെ വിപ്ലവമായി റിയാദ് മെട്രോ സർവ്വീസും.
അക്കാലത്തെ കോസ്റ്റർ ബസ് ആയിരുന്നു ബസ്. ഓർമകൾക്ക് തീ പിടിപ്പിക്കുന്നവ. രണ്ടു റിയാൽ കൊടുത്താൽ എവിടെ നിന്നും ബത്തയിൽ എത്താം. ഒലയയിൽ നിന്ന് ബത്തയിലേക്ക് ഏറി വന്നാൽ അരമണിക്കൂർ. ചിലപ്പോൾ അതിനു മുൻപേ എത്തും. കഠിനമായ ബ്ലോക്കുകളോ വാഹനങ്ങളോ കാലാവസ്ഥയോ അതിന് പ്രശ്നമായിരുന്നില്ല. ഏത് കാറും അലജൻ ബസിന്റെ മുരൾച്ച കേട്ടാൽ മാറിക്കൊടുക്കും. ഏത് ബ്ലോക്കിലും വെട്ടിച്ചെടുത്ത് സിഗ്നലിന്റെ മുന്നിലെത്താൻ വല്ലാത്ത മിടുക്കുള്ള ഡ്രൈവർമാർ.
ബത്ത സിഗ്നലിൽ നിർത്തി ഒരു പിരിവുണ്ട്. ബസ് യാത്രക്കാർ എല്ലാവരും കാശ് സ്വന്തം പിരിച്ച് ഡ്രൈവറെ ഏൽപ്പിക്കണം. ചൂടുകാലത്ത് ആണെങ്കിൽ അതിൽ കിടന്നു ഉള്ള ഒരു ഉറക്കം വേറെ വൈബ് തന്നെ !!. ബസ്സിൽ ഒലയ നിന്ന് ബത്തയിലേക്ക് പോകുമ്പോൾ ഓരോരോ ദിവാസ്വപ്നങ്ങൾ ആലോചിച്ച് ബത്തയിൽ എത്തുന്നത് അറിയാറില്ല. നാട്ടിലേക്ക് ക്യാഷ് അയക്കാൻ ഫിലിപ്പൈൻ മാർക്കറ്റിലെ മനില പ്ലാസയിലെ അൽറാജിയിലെ പോകുന്നവർ, ആ മാസത്തെ ചിലവ് വരവു കൂട്ടുന്നതും ഈ ബസിലെ കാഴ്ചകളാണ്. കൈ കാട്ടുന്നവരെ എല്ലാം കേറ്റും. ബസിൽ സ്ഥലമില്ലെങ്കിലും ‘ നസ്സൽ ‘ എന്ന കോഡ് പറഞ്ഞാല് അവിടെ നിർത്തും. ” ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിക്കും കുതിര ” എന്ന പഴഞ്ചൊല്ല് പോലെ ഓടിച്ചാടി നിന്നിരുന്നു.
അതിനോടൊപ്പം രണ്ടാമത്തെ റെഡ് കളർ സാപ്റ്റ്കോ ബസ് കൂടി പിന്നെ വന്നു. ഒരു എ.സി ബസ്. പിന്നെ ഒരുപാട് ആളുകൾ ഈ ബസിലേക്ക് മാറി. ആദ്യത്തെ ബസ് പോലെ ആ ബസ് അരമണിക്കൂർ കൊണ്ട് ബത്തയിൽ എത്തില്ലായിരുന്നു. തിരക്കുള്ളവർ ആദ്യത്തെ ബസ്സിലും തിരക്കില്ലാത്തവർ പിന്നീട് വന്ന റെഡ് ബസ്സിലും കയറാൻ തുടങ്ങി. കാലക്രമേണ കോസ്റ്റർ ബസുകൾ നിർത്തലാക്കി. റെഡ് ബസ്സുകൾ മാത്രമായി നിരത്തുകളിൽ വിലസാൻ തുടങ്ങി. അതിനും രണ്ട് റിയാൽ തന്നെയായിരുന്നു തുടക്കത്തിൽ ചാർജ്. പിന്നീട് കാർഡ് സിസ്റ്റം വന്നു. റീചാർജ് ചെയ്യാനും സമയം അറിയാനും സാപ്റ്റ്കോ അപ്ലിക്കേഷ്ന് സൗകര്യവും എത്തി.
മൂന്നാമത് വന്ന മെട്രോ ഗ്രീൻ ലോ ഫ്ലോർ lowfloor ബസ്സുകൾ ആളുകൾക്ക് ഒരു പുതിയ അനുഭവം തന്നെയായിരുന്നു. രണ്ടു ബസ്സിനെ ഒന്നായി തുന്നിപ്പിടിപ്പിച്ച രീതിയിലുള്ള ആ വലിയ ബസ് കൗതുകത്തോടെ കൂടി തന്നെയാണ് റിയാദിലെ ആളുകൾ സ്വീകരിച്ചത്. ആ ബസ്സിനായി മാത്രം റോഡിന് നടുവിലൂടെ പുതിയ ഒരു റെഡ് ട്രാക്കും നിലവിൽ വന്നു. നോർമൽ ബസുകൾ റിയാദിന്റെ മറ്റു ഭാഗത്തിലൂടെ സർവീസുകൾ തുടങ്ങി. ഒരു കാര്യവുമില്ലാതെ ആളുകൾ ബസ്സിൽ കയറാനുള്ള ആഗ്രഹം കൊണ്ട് മാത്രം ആ ബസുകളിൽ കയറി റെഡ് ട്രാക്കിലൂടെ രാജകീയമായ യാത്രകൾ നടത്തി.
ഏകദേശം രണ്ടു വർഷത്തോളം തുടർച്ചയായ ട്രെയിനിങ്ങുകൾ. ഒരുപാട് മലയാളികൾ അടക്കം ഡ്രൈവർമാരായി വന്ന ഒരു സംരംഭം തന്നെയായിരുന്നു ഇപ്പോഴുള്ള റിയാദ് മെട്രോ ബസ്.
അതിന്റെ ചാർജ് നാലു റിയാലാണ് രണ്ടു മണിക്കൂറിനുള്ളിൽ നമുക്ക് സഞ്ചരിക്കാൻ. മാസത്തേക്ക് 140 റിയാലും. പുതിയകാലത്തെ പുതിയ ടെക്നോളജികൾ ഉപയോഗിച്ചുള്ള ഈ ബസ് ശരിക്കും റിയാദിന്റെ ട്രാഫിക് കുറയ്ക്കുന്നതിൽ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. തിരക്കുകൾ ഒഴിവാക്കാൻ പ്രത്യേകമായിട്ടുള്ള ട്രാക്കുകളും ബസ്റ്റോപ്പുകളും തട്ടിപ്പുകൾ ഒഴിവാക്കാൻ ടിക്കറ്റ് എ.ടി.എം എല്ലാം ഇവർ സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും എല്ലാവർക്കും കയറാവുന്ന രീതിയിലാണ് ഈ ബസിൻ്റെ സെറ്റിങ് ഒരുക്കിയിരിക്കുന്നത്.
ഒടുവിൽ ഏകദേശം 10 വർഷത്തോളം പണി പൂർത്തിയാക്കി മെട്രോ ട്രെയിൻ സർവീസ് കൂടി ഡിസംബർ തുടക്കം മുതൽ റിയാദിൽ ആരംഭിക്കുകയാണ്. അതും ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡ്രൈവർ ഇല്ലാത്ത മെട്രോ സർവീസ് എന്നതിന്റെ പേരിൽ സൗദി ലോകത്തിന്റെ മുന്നിൽ അഭിമാനിക്കുകയാണ്. 176 കിലോമീറ്ററാണ് ഈ മെട്രോ സർവീസ് ദിനവും ഓടുന്നത്. ഒരു പുതിയ വിപ്ലവത്തിലേക്കുള്ള ചുവട് വെപ്പാണിത്.
വെറും 10 വർഷം കൊണ്ട് ഗതാഗത രീതികൾ മുഴുവൻ മാറ്റിമറിച്ചു കൊണ്ട് സൗദി മുന്നേറുകയാണ്. പുതിയകാലത്തെ പുതിയ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട്..
- Musafir Wave Shahul Aqthar