റിയാദ് : പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി അജാജ് അഹമ്മദിന് നാടണയാന്‍ തുണയായി കേളിയും ആശുപത്രി അധികൃതരും. നാല് മാസത്തോളമായി അല്‍ ഖര്‍ജ് കിംഗ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലുള്ള അജാജ് അഹമ്മദിനെ നാട്ടിലെത്തിക്കുന്നതിനായി ആശുപത്രി അധികൃതര്‍ കേളിയുടെ സഹായം തേടുകയായിരുന്നു.
17 വര്‍ഷത്തോളമായി റിയാദില്‍ ജോലി ചെയ്യുന്ന അജാജ് അഹമ്മദിനെ അവശനിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ പരിചരണത്തിന്റെ ഭാഗമായാണ് യാത്ര ചെയ്യാവുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും ആത്മാര്‍ത്ഥമായ സഹകരണം ലഭിച്ചതിനെ തുടര്‍ന്നാണ് അജാജ് ജീവിതത്തിലേക്ക് തിരിച്ചു വന്നതെന്ന് കേളി ജീവകാരുണ്യ വിഭാഗം കേന്ദ്രകമ്മറ്റി അംഗം നാസര്‍ പൊന്നാനി പറഞ്ഞു.
മറ്റൊരു കിടപ്പ് രോഗിയുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു നാസർ പൊന്നാനി. നാലുമാസത്തോളമായി ചികില്‍സയില്‍ കഴിയുന്ന ഒരു ഇന്ത്യക്കാരനെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമോ എന്ന് ആശുപത്രി അധികൃതര്‍ ചോദിച്ചു. 17 വര്‍ഷത്തിലേറെയായി ഒരു സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യുന്ന അജാജ് ഹൗസ് ഡ്രൈവര്‍ വിസയിലാണ് സൗദിയില്‍ എത്തിയത്. ദീര്‍ഘകാലം ഡ്രൈവറായി ജോലി ചെയ്യുകയും അടുത്തിടെ സ്‌പോണ്‍സറുടെ തന്നെ ഒരു സ്ഥാപനത്തിലേക്ക് ജോലി മാറുകയുമായിരുന്നു.
ജോലിക്കിടെ പക്ഷാഘാതം പിടിപെട്ട അജാജിനെ സ്‌പോണ്‍സര്‍ ആശുപത്രിയില്‍ പ്രവേശിപ്പച്ചുവെങ്കിലും തുടര്‍ന്ന് യാതൊരുവിധ അന്വേഷണവും നടത്തിയില്ല. അബോധാവസ്ഥയില്‍ പ്രവേശിപ്പിച്ച അജാജിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ബോധം തിരിച്ചു കിട്ടിയത്. ആശുപത്രി ജീവനക്കാരുടെ കൃത്യമായ പരിചരണം അജാജിന്റെ രോഗത്തിന് അല്‍പ്പം ആശ്വാസം ലഭിച്ചു. സ്‌പോണ്‍സറുടെ ഭാഗത്തുനിന്നും യാതൊരുവിധ ഇടപെടലും ഇല്ലാത്തതിനാല്‍ ഇദ്ദേഹത്തെ തുടര്‍ ചികിത്സക്ക് നാട്ടിലെത്തിക്കുകയാണ് ഗുണകരമെന്നതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി അധികൃതര്‍ കേളിയുടെ സഹായം തേടിയത്.
തുടര്‍ന്ന് നാസര്‍ പൊന്നാനി ആശുപത്രിയില്‍ നിന്നും രേഖകള്‍ ശേഖരിക്കുകയും ഇന്ത്യന്‍ എംബസി മുഖേന നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെടുകയും ചെയ്തു. നാട്ടിലേക്ക് എത്തിക്കാനുള്ള ബന്ധുക്കളുടെ നിര്‍ദ്ദേശാനുസരണം നടപടികള്‍ തുടങ്ങി.
സ്‌പോണ്‍സറുമായി ബന്ധപ്പെട്ടപ്പോള്‍ ടിക്കറ്റും എക്‌സിറ്റ് അടിച്ച പാസ്‌പോര്‍ട്ടും നല്‍കി. കൂടെ യാത്രചെയ്യാന്‍ സഹായത്തിനായി സോഷ്യല്‍ മീഡിയ വഴി അഭ്യര്‍ത്ഥന നല്‍കി. അഭ്യര്‍ത്ഥന സ്വീകരിച്ച് അജാജിന്റെ തന്നെ നാട്ടുകാരനായ ഒരാള്‍ വന്നെങ്കിലും എയര്‍പോര്‍ട്ടിലെത്തിയ സമയം അദ്ദേഹം അവസാന നിമിഷം പിന്മാറി. തുടര്‍ന്ന് മടക്കയാത്രക്ക് ഒരുങ്ങിയപ്പോള്‍ വിവരങ്ങള്‍ അന്വേഷിച്ച മുഹമ്മദ് ഉമര്‍ എന്ന ദല്‍ഹി സ്വദേശി മുന്നോട്ട് വന്ന് ഇദ്ദേഹത്തെ ഏറ്റെടുത്തു. ആശുപത്രിയില്‍ നിന്നും എയര്‍പോര്‍ട്ടില്‍ എത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതര്‍ ചെയ്ത് നല്‍കി. കഴിഞ്ഞ ദിവസം സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വീല്‍ചെയര്‍ സൗകര്യത്തോടെ അജാജ് നാടണഞ്ഞു.