കൊച്ചി: കോഴിക്കോടുനിന്നും കൊച്ചിയിലെത്തിയ സ്‌കൂൾ വിനോദയാത്രാ സംഘത്തിന് ഭക്ഷ്യവിഷബാധ. കോഴിക്കോട് കട്ടിപ്പാറ കാരുണ്യതീരം സ്‌പെഷൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. 98 അംഗ സംഘത്തിലെ അറുപതിലേറെ പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരുടെയും നില ഗുരുതരമല്ലെന്നും തൃപ്തികരമാണെന്നും കളമശ്ശേരി മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.
കൊച്ചി മറൈൻ ഡ്രൈവിൽ യാത്രചെയ്തപ്പോൾ ബോട്ടിൽ നിന്നാണ് ഇവർ ഉച്ചഭക്ഷണം കഴിച്ചിരുന്നത്. വെജിറ്റേറിയൻ ഭക്ഷണമാണ് എല്ലാവരും കഴിച്ചതെങ്കിലും ഊണിനൊപ്പമുണ്ടായിരുന്ന തൈരാണ് വില്ലനായതെന്നാണ് വിവരം. തൈര് കഴിക്കാത്ത ആർക്കും പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പറയുന്നത്.
പുലർച്ചെ നാലിന് പുറപ്പെട്ട കുട്ടികളും അധ്യാപകരും മാതാപിതാക്കളും അടങ്ങുന്ന സംഘം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മറൈൻ ഡ്രൈവിലെത്തിയത്. തുടർന്ന് മരിയ ടൂർസ് ആൻഡ് ട്രാവൽസ് എന്ന ബോട്ടിലാണിവർ കൊച്ചി കായൽ ആസ്വദിച്ചത്. സംഭവത്തിൽ ഇതുവരെയും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസിൽനിന്ന് ലഭിക്കുന്ന വിവരം.