റിയാദ്- റിയാദ് മെട്രോയുടെ പ്രധാന മൂന്ന് പാതകള്‍ ഉദ്ഘാടനം ചെയ്യാനിരിക്കെ തലസ്ഥാന നിവാസികളുടെ ഇന്നത്തെ പ്രധാന ചോദ്യം മെട്രോയുടെ ഉദ്ഘാടന തിയതിയെ കുറിച്ച് തന്നെ. അല്‍ഉറൂബ ബത്ഹ പാത, കിംഗ് ഖാലിദ് റോഡ് പാത, അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് റോഡും ശൈഖ് ഹസന്‍ ബിന്‍ ഹുസൈന്‍ റോഡും സന്ധിക്കുന്ന ജംഗ്ഷന്‍ പാത എന്നീ റൂട്ടുകളില്‍ ഇന്ന് മുതല്‍ മെട്രോ ഓടിത്തുടങ്ങുമെന്നാണ് വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ബാക്കിയുള്ള മൂന്ന് പാതകള്‍ ഡിസംബര്‍ മാസത്തിലാണ് ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത്.
ഇന്ന് നടന്ന സൗദി ബജറ്റ് അവലോകന യോഗത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് ലോജിസ്റ്റിക് മന്ത്രി റുമൈഹ് അല്‍റുമൈഹ് പറഞ്ഞത് അവലോകന യോഗം നടക്കുന്നത് ലോകത്തെ ഏറ്റവും വലിയ പൊതുഗതാഗത പദ്ധതിയായ റിയാദ് മെട്രോയുടെ ഉദ്ഘാടന ദിവസം തന്നെയാണല്ലോ എന്നാണ്.
അതേസമയം റിയാദ് നിവാസികള്‍ ഇന്ന് സാമൂഹിക മാധ്യമങ്ങളിലടക്കം ചോദിച്ചുകൊണ്ടിരിക്കുന്നത് മെട്രോയുടെ ഉദ്ഘാടനദിവസത്തെ കുറിച്ചാണ്.
വിവിധ മെട്രോ സ്‌റ്റേഷനുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് എല്ലാവരും ഈ വിഷയം ഉന്നയിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുന്ന ഈ പദ്ധതി ലോഞ്ച് ചെയ്യുന്നതും കാത്തിരിക്കുകയാണ് റിയാദ് ജനത.