ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ച സംഭവത്തില്‍ ഗുസ്തി താരവും ടോക്കിയോ ഒളിമ്പിക്സ് ഗെയിംസ് വെങ്കല മെഡല്‍ ജേതാവുമായ ബജ്റംഗ് പൂനിയയെ വിലക്കി നാഡ. നാല് വര്‍ഷത്തേക്കാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (നാഡ) വിലക്ക്. ഈ കാലയളവില്‍ പൂനിയക്ക് മത്സരത്തില്‍ പങ്കെടുക്കാനോ പരിശീലകനാകാനോ കഴിയില്ല.
നാഡയുടെ ഉത്തേജക വിരുദ്ധ നിയമങ്ങളിലെ ആര്‍ട്ടിക്കിള്‍ 10.3.1 പ്രകാരമാണ് നിരോധനം. 2024 മാര്‍ച്ചില്‍ നടന്ന ദേശീയ ടീമിന്റെ ട്രയല്‍സില്‍ ആണ് പൂനിയ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചത്. 2024 ഏപ്രില്‍ 23-ന് നാഡയുടെ ആന്റി ഡിസിപ്ലിനറി ഡോപ്പിംഗ് പാനലില്‍ (എഡിഡിപി) ഏര്‍പ്പെടുത്തിയ താല്‍ക്കാലിക സസ്‌പെന്‍ഷന്‍ 2024 മെയില്‍ നീക്കം ചെയ്തിരുന്നു.
പിന്നീട് സെപ്റ്റംബര്‍ 20, ഒക്ടോബര്‍ 4 തീയതികളില്‍ നടന്ന ഹിയറിംഗുകള്‍ക്ക് ശേഷമാണ് എഡിഡിപി നാഡയ്ക്ക് അനുകൂലമായി വിധിച്ചത്. യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്ങിനൊപ്പം (ഡണണ), കായിക ലോക ഭരണ സമിതിയും പൂനിയയെ ഏപ്രിലില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നതിനാല്‍, സസ്‌പെന്‍ഷന്‍ കാലയളവ് അവസാനിക്കുന്നത് വരെ ബജ്റംഗ് പൂനിയക്ക് പരിശീലകനാകാനും കഴിയില്ല.
എന്നാല്‍ താന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചത് നാഡയുടെ പ്രക്രിയകളില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണെന്നും കാലഹരണപ്പെട്ട കിറ്റാണ് പരിശോധനക്കായി ഉപയോഗിച്ചിരുന്നതെന്നും ബജ്രംഗ് പൂനിയ പറഞ്ഞു. ബ്രിജ് ഭൂഷണെതിരായ ലൈംഗികാരോപണങ്ങളില്‍ ഗുസ്തിക്കാര്‍ നയിച്ച പ്രതിഷേധങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നയാളാണ് ബജ്രംഗ് പൂനിയ. പിന്നീട് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിനുള്ള പ്രതികാര നടപടിയാണ് വിലക്കെന്നും ബജ്രംഗ് പൂനിയ ആരോപിച്ചു.
പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്‌റ്റൈലില്‍ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് പുനിയ. 2013 ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടങ്ങി ഒരു പതിറ്റാണ്ട് നീണ്ട അന്താരാഷ്ട്ര കരിയറില്‍, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ ഗെയിംസുകളില്‍ നിരവധി മെഡലുകള്‍ നേടാന്‍ പുനിയക്കായിട്ടുണ്ട്. അര്‍ജുന അവാര്‍ഡ്, ഖേല്‍ രത്ന, പത്മശ്രീ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.