ആലപ്പുഴ/പത്തനംതിട്ട: പനി ബാധിച്ച് ചികിത്സയിലിരിക്കെ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചതിൽ ദുരൂഹത. പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാന്നെന്ന് പോസ്റ്റ്മോർട്ടം റിപോർട്ട്.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് പ്ലസ് ടു വിദ്യാർത്ഥിനിയായ 17-കാരി മരിച്ചത്. നവംബർ 22-നാണ് പെൺകുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ചികിത്സയ്ക്കിടെ കുട്ടി ഗർഭിണിയാണെന്ന് റിപോർട്ട് ചെയ്യപ്പെട്ടില്ലെന്നാണ് വിവരം. കുട്ടി അമിതമായി മരുന്ന് കഴിച്ചിരുന്നതായും സംശയമുണ്ട്.
മരണത്തിൽ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. ഇതോടെയാണ് പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന റിപോർട്ട് പുറത്തുവന്നത്. മരണത്തിന് മുമ്പ് പെൺകുട്ടി രണ്ട് ആശുപത്രിയിൽ ചികിത്സ തേടിയിട്ടും എന്തുകൊണ്ടാണിത് അറിയാതെ പോയതെന്നതിലും ദുരൂഹതയുണ്ട്. സംഭവത്തിൽ പോക്സോ കേസ് അടക്കം ചുമത്തി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.