കൽപ്പറ്റ: വയനാട് തോൽപ്പെട്ടിയിൽ ആദിവാസി കുടിലുകൾ പൊളിച്ചുമാറ്റിയ ക്രൂരമായ സംഭവത്തിൽ നടപടിക്ക് നിർദേശം നൽകി വനം മന്ത്രി എ കെ ശശീന്ദ്രൻ. സംഭവം അന്വേഷിച്ച് അടിയന്തര നടപടിയെടുക്കാൻ ചീഫ് വൈൽഡ് ലൈൻ വാർഡന് നിർദേശം നല്കിയതായി മന്ത്രി അറിയിച്ചു.
സംഭവം അറിഞ്ഞത് ഇപ്പോഴാണെന്നും ആദിവാസി ഊരുകൾ പൊളിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലെ ബേഗൂരിൽ കൊല്ലിമൂല, പണിയ ഊരിലാണ് അനധികൃതമെന്ന് പറഞ്ഞ് ആദിവാസി കുടിലുകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ പൊളിച്ചു മാറ്റിയത്.
16 വർഷമായി താമസിച്ചിരുന്ന കുടുംബങ്ങൾക്കാണ് രാത്രി ഇരുട്ടി വെളുക്കും മുമ്പേ കുടിലുകൾ നഷ്ടമായത്. മറ്റൊരു താമസസ്ഥലം ഏർപ്പെടുത്താതെ ഉദ്യോഗസ്ഥർ കുടിലുകൾ പൊളിച്ചുമാറ്റിയതിനെ തുടർന്ന് ഭക്ഷണം പോലും കഴിക്കാതെ ഗർഭിണിയും കുഞ്ഞുമടക്കം 16 പേർ രാത്രി കഴിഞ്ഞുകൂടിയത് ആനയും പുലിയുമെല്ലാം ഇറങ്ങുന്ന വനമേഖലയിലായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങൾ ഇന്ന് തോൽപ്പെട്ടി റേഞ്ച് ഓഫീസ് ഉപരോധിച്ചതോടെയാണ് പ്രശ്‌നം പുറത്തറിഞ്ഞത്. തുടർന്ന് ആദിവാസി കുടുംബങ്ങളെ ഫോറസ്റ്റ് ക്വാർട്ടേഴ്‌സിലേക്ക് മാറ്റിയിരിക്കുകയാണ്. കോൺഗ്രസ് നേതാക്കളും ഡി എഫ് ഓയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
വനം വകുപ്പിന്റെ ഡോർമിട്ടറി റൂമിലേക്കാണ് മൂന്ന് കുടുംബങ്ങളെ മാറ്റിയത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചതായി അഡ്വ. ടി സിദ്ദിഖ് എം.എൽ.എ വ്യക്തമാക്കി.
വനം വകുപ്പ് ഉദ്യോഗസ്ഥർ ഊരുകളിലെത്തി ഷെഡ് പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പുതിയ ഷെഡ് പണിയാതെ കുടിൽ ഒഴിയില്ലെന്ന് കുടുംബാംഗങ്ങൾ പ്രതികരിച്ചെങ്കിലും അതിന് കൂട്ടാക്കാതെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി നിർബന്ധിച്ച് പൊളിച്ചുനീക്കുകയായിരുന്നുവെന്നാണ് വിവരം.