- പാലക്കാട്ടെ 18 കൗൺസിലർമാർക്കും സ്വാഗതമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം
പാലക്കാട്: എ ക്ലാസ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ പാലക്കാട് ബി.ജെ.പിയിലെ പൊട്ടിത്തെറികൾ മുതലെടുക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. സ്ഥാനാർത്ഥി നിർണയത്തിലെ അപാകതയടക്കം ചൂണ്ടിക്കാട്ടി രംഗത്തുവന്ന ബി.ജെ.പി നേതാവും പാലക്കാട് നഗരസഭാധ്യക്ഷയുമായ പ്രമീളാ ശശിധരന് അടക്കം മധുരം നൽകി കോൺഗ്രസ് പ്രവർത്തകർ മണ്ഡലത്തിലെ വിജയം ആഘോഷിച്ചു.
എന്നാൽ, ഇത് വെറുമൊരു വിജയമധുരം നൽകൽ മാത്രമല്ല, വിവാദത്തിന്റെ രാഷ്ട്രീയ മർമം ഏറെ പ്രാധാന്യമുള്ളതാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ‘അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ടിൽ രംഗത്തുവന്നിട്ട് കാര്യമില്ലെന്ന്’ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനുമെതിരേ നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ ഇന്ന് പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൽ മധുരവുമായി യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ അധ്യക്ഷയെ കാണാനെത്തിയത്. ഇവർ നൽകിയ ലഡു വാങ്ങി കഴിച്ച് സൗഹൃദം പുതുക്കിയാണ് നഗരസഭാധ്യക്ഷ പിരിഞ്ഞത്. എന്നാൽ, ചില ബി.ജെ.പി കൗൺസിലർമാർ ലഡു വാങ്ങാൻ കൂട്ടാക്കിയില്ല. ഇന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും സ്ഥാനാർത്ഥിക്കുമെതിരെ രൂക്ഷ വിമർശങ്ങളുന്നയിച്ച മുതിർന്ന ബി.ജെ.പി അംഗവും ദേശീയ കൗൺസിൽ അംഗവുമായ എൻ ശിവരാജൻ മധുരം എടുക്കാൻ ശ്രമിച്ചെങ്കിലും പാർട്ടി പ്രവർത്തകർ തടഞ്ഞതോടെ പിന്മാറി, കോൺഗ്രസ് പ്രവർത്തകരെ തിരിച്ചയക്കുകയായിരുന്നു.
എന്നാൽ, നഗരസഭാധ്യക്ഷ പ്രമീളയ്ക്ക് കോൺഗ്രസ് നേതാക്കൾ ലഡു വായിൽ വെച്ച് നൽകുന്നതടക്കമുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയാണ് എതിർ വിഭാഗം. ഇതോടെ തെരഞ്ഞെടുപ്പ് വാക്ക് പോരുകൾക്ക് പുറമെ ബി.ജെ.പിയിൽ ലഡു വിവാദം കൂടി കത്തുകയാണ്. ഇത് ആയുധമാക്കാനാണ് സി കൃഷ്ണകുമാർ പക്ഷം ശ്രമിക്കുന്നതെന്നാണ് പാർട്ടിയിലെ ഒരുവിഭാഗം പറയുന്നത്. ഇത് പാലക്കാടൻ രാഷ്ട്രീയത്തിൽ ഉണ്ടാക്കുന്ന തുടർ രാഷ്ട്രീയ ചലനം എന്താകുമെന്നറിയാൻ കാത്തിരിക്കുകയാണ് പലരും.
സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചുവെന്നാണ് പാലക്കാട് നഗരസഭ ചെയർപേഴ്‌സന്റെ നിലപാട്. ഒരേ സ്ഥാനാർത്ഥി തന്നെ വീണ്ടും വേണ്ടെന്ന് തുടക്കത്തിൽ തന്നെ നേതൃത്വത്തെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പാർട്ടിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം കൃഷ്ണകുമാറിന് വേണ്ടി കൗൺസിലർമാർ ഒരുമിച്ച് പ്രവർത്തിച്ചെങ്കിലും, മറ്റൊരു സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ ഇത്ര വലിയ തോൽവി ഉണ്ടാകുമായിരുന്നില്ലെന്നും പ്രമീള ശശിധരൻ തുറന്നടിച്ചിരുന്നു.
എന്നാൽ, സി കൃഷ്ണകുമാറിനോട് എതിർപ്പുള്ള കൗൺസിലർമാരിൽ പലരും പാലം വലിച്ചുവെന്നാണ് കെ സുരേന്ദ്രനെ അനുകൂലിക്കുന്നവരുടെ ആരോപണം. നിശ്ചയിച്ച സ്ഥലത്ത് പ്രചാരണത്തിന് എത്താതെ ശോഭാ സുരേന്ദ്രൻ തോൽവി ഉറപ്പാക്കാൻ ശ്രമിച്ചെന്നും പ്രഭാരി പി രഘുനാഥിന്റെ സംഘടനാ ഏകോപനം പാളിയെന്നുമാണ് വിമർശം. കെ സുരേന്ദ്രനുമായി മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ അകന്നതടക്കമുള്ള വിഷയങ്ങളും പാലക്കാടൻ വിവാദങ്ങൾക്ക് ചൂടേറ്റുന്നുണ്ട്.
ഇതിനിടെയാണ് നേതൃത്വവുമായി അതൃപ്തിയിലുള്ള നഗരസഭയിലെ ബി ജെ പി കൗൺസിലർമാരെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്. ബി ജെ പി നേതൃത്വവുമായി പിണങ്ങി നിൽക്കുന്ന ബി ജെ പിയുടെ 18 കൗൺസിലർമാരെയും കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായി ഡി സി സി പ്രസിഡന്റ് എ തങ്കപ്പനും വി.കെ ശ്രീകണ്ഠൻ എം.പിയും വ്യക്തമാക്കി. കോൺഗ്രസ് ആശയങ്ങൾ അംഗീകരിക്കാൻ തയ്യാറായാൽ സ്വീകരിക്കുമെന്നും അവർ നിലപാട് വ്യക്തമാക്കിയാൽ കോൺഗ്രസ് ചർച്ച നടത്തുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.